Kerala

സിനിമ പഠിക്കാന്‍ പോയ പ്രജിന്‍ തിരിച്ചെത്തിയത് മറ്റൊരാളായി; മുറിയില്‍ എപ്പോഴും ‘ഓം’ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം; മകൻ അച്ഛനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക്കെന്ന് സംശയം; നിർണായക വെളിപ്പെടുത്തലുമായി അമ്മ | vellarada jose murder case

ഏഴ് വർഷത്തിലധികമായി മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്ന് അമ്മ പറയുന്നു

തിരുവനന്തപുരം: കിളിയൂരിൽ എം.ബി.ബി.എസ്. വിദ്യാർഥിയായ മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കിളിയൂരിൽ ചരുവിളയിൽ ട്രേഡേഴ്‌സ് ഉടമ ജോസാണ്(70) വെട്ടേറ്റു മരിച്ചത്. പ്രതിയായ മകൻ പ്രജിൻ ജോസ്(29) പോലീസിൽ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിലധികമായി മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്ന് അമ്മ പറയുന്നു. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. മുറിയിൽ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകൻ ജയിലിൽ നിന്നും പുറത്തു വന്നാൽ തന്നെയും കൊല്ലുമെന്ന് ജോസിൻ്റെ ഭാര്യ സുഷമ പറഞ്ഞു.

‘കൊച്ചിയിൽ സിനിമാ പഠനത്തിന് പോയിരുന്നു. റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവൻറെ റൂമിലേക്ക് കയറാൻ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാൽ ഉടൻ അവൻ പ്രതികരിക്കും. ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാൽ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും’, അമ്മ പറയുന്നു.

കിളിയൂരിലെ ചാരുവിള വീട്ടിൽ ജോസും ഭാര്യയും പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്.

ചൈനയിൽ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിൻ. കൊവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാൻ തന്നെ വീട്ടുകാർ അനുവദിക്കുന്നില്ല എന്നാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിൻ പൊലീസിനോട് പറഞ്ഞത്. അമ്മയെയും അച്ഛനെയും സ്ഥിരമായി ഇയാൾ മർദിക്കുമായിരുന്നു.