Health

ഉപ്പിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോ​ഗിക്കു; നിർദേശവുമായി ലോകാരോ​ഗ്യ സംഘടന…| WHO alert

ഉപ്പിന് പകരം പൊട്ടാസ്യം ക്ലോറൈഡ്; ഉപയോ​ഗിക്കുക

ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാൽ ഇത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകൾ കൂട്ടും. നമ്മൾ ഉപയോ​ഗിക്കുന്ന ഉപ്പിൽ (സോഡിയം ക്ലോറൈഡ്) സോഡിയത്തിന്റെ അളവു കൂടുതലാണ്. വർധിച്ചു വരുന്ന ഉപ്പിന്റെ ഉപഭോ​ഗം പ്രതിവർഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനാണെടുക്കുന്നതെന്ന് അടുത്തിടെ ലോകാരോ​ഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

ലോകാരോ​ഗ്യ സംഘടനയുടെ ശുപാർശ പ്രകാരം പ്രതിദിനം 2000 മില്ലി​ഗ്രാം വരെ മാത്രം ഉപ്പ് ഉപയോ​ഗിക്കാമെന്നാണ്. എന്നാൽ ഇതിന്റെ ഇരട്ടിയിലേറെ ഉപ്പ് കഴിക്കുന്നവരാണ് അധികവും. ഉപ്പ് അധികമായി കഴിക്കുന്നതിലൂടെ സോഡിയം ഉള്ളിൽ ചെല്ലുകയും ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോ​ഗങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി കുറഞ്ഞ സോഡിയം ഉപ്പ് അഥവാ പൊട്ടാസ്യം ഉപ്പ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് ലോകാരോ​ഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. ശരീരത്തിന് ദിവസേന 3.5 ഗ്രാം പൊട്ടാസ്യം കിട്ടുന്നത് രക്തസമ്മർദവും ഹൃദ്രോഗവും കുറയ്ക്കാൻ നല്ലതാണ്.

എന്താണ് പൊട്ടാസ്യം ഉപ്പ്

100 ശതമാനം സോഡിയം ക്ലോറൈഡ് ഉപ്പാണ് നമ്മൾ സാധാരണയായി ഉപയോ​ഗിക്കുന്നത്. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു നിർമിക്കുന്നതാണ് പൊട്ടാസ്യം ഉപ്പ് (പൊട്ടാസ്യം ക്ലോറൈഡ്). ഇത് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2024-ൽ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി പുറത്തിറക്കിയ ഹൈപ്പർടെൻഷൻ മാർ​ഗനിർദേശത്തിലും ഉയർന്ന രക്തസമ്മർദം, ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവ നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം സമ്പുഷ്ട ഉപ്പ് ഉപയോ​ഗിക്കാൻ ശുപാർശ ചെയ്യുന്നു. എന്നാൽ വൃക്ക രോ​ഗികളിൽ പൊട്ടാസ്യം ക്ലോറൈഡ് പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം വൃക്ക രോ​ഗികൾ പൊട്ടാസ്യം ഉപ്പിലേക്ക് മാറാം.

അമിതമായ ഉപ്പ് ഉപഭോഗം, കാന്‍സറിന് വരെ കാരണമാകാം
എന്താണ് ഡാഷ് ഡയറ്റ് ?

ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഈ ഡയറ്റ്. ഉയർന്ന രക്തസമ്മർദം ഉളളവർക്ക് ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. സോഡിയം കുറവും മഗ്നീഷ്യം പൊട്ടാസ്യം എന്നവ കൂടുതലുമുള്ള ഭക്ഷണരീതിയാണിത്. ധാരാളം പഴങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ പാലാണ് ഈ ഡയറ്റിൽ ഉപയോ​ഗിക്കുന്നത്. വെണ്ണ, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ അളവും കുറവായിരിക്കും.

content highlight: WHO Alert