മകൾക്ക് കാൻസർ ബാധിച്ചതോടെ അവൾക്കൊപ്പം ഇരിക്കാനും അവളെ പരിചരിക്കാനും അവധിയെടുത്തതിന്റെ പേരില്‍ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ സ്ഥാപനത്തിന് എതിരെ നിയമ പോരാട്ടവുമായി ഒരമ്മ. ടെറി എസ്‌റ്റെപ്പ് എന്ന വനിതയാണ് സ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. മിഷിഗണിലെ ഹണ്ടിങ്ടണ്‍ ബാങ്കില്‍ 30 വര്‍ഷത്തോളം ജോലി ചെയ്തയാളാണ് ടെറി എസ്‌റ്റെപ്പ്.
സ്തനാര്‍ബുദ ബാധിതയായ മകള്‍ സമന്തയ്‌ക്കൊപ്പമിരിക്കാനും അവളെ പരിചരിക്കാനുമായാണ് ടെറി, മറ്റ് അവധികള്‍ക്കൊപ്പം ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ് ഓഫ് ആബ്‌സെന്‍സ് (എഫ്.എം.എല്‍.എ) അവധി എടുത്തത്. അവധി ദിവസങ്ങളും ശമ്പളത്തോടുകൂടിയുള്ള അവധിയും എടുത്ത ശേഷം മകളെ പരിചരിക്കാനായി 12 ആഴ്ചത്തെ എഫ്.എം.എല്‍.എ അവധിയില്‍ നാല് എണ്ണം കൂടി ടെറി ഉപയോഗിച്ചിരുന്നു.
അമ്മയുടെ ജോലി നഷ്ടപ്പെടാന്‍ താന്‍ കാരണമായെന്നു പറഞ്ഞ് സമന്ത അസുഖാവസ്ഥയിലും സ്വയം കുറ്റപ്പെടുത്തിയിരുന്നുവെന്ന് ഹണ്ടിങ്ടണ്‍ ബാങ്കിലെ ടെറിയുടെ സഹജീവനക്കാരി പറഞ്ഞു. അതവളെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്നും ഈ ജീവനക്കാരി കൂട്ടിച്ചേര്‍ത്തു. എങ്കിലും അമ്മയുടെ ജോലി നഷ്ടപ്പെട്ട് 10 ദിവസത്തിനുള്ളില്‍ 31-കാരിയായ സമന്ത ഈ ലോകത്തു നിന്ന് യാത്രയായി.
ഈ കേസ് തനിക്ക് ഒരു ഞെട്ടലായിരുന്നുവെന്നാണ് എഫ്.എം.എല്‍.എ അവധി ഉപയോഗിച്ചതിന് പിരിച്ചുവിട്ടതില്‍ ബാങ്കിനെതിരേ കേസ് ഫയല്‍ ചെയ്ത ടെറിക്കുവേണ്ടി ഹാജരായ അഭിഭാഷക സാറ പ്രെസ്‌കോട്ട് പ്രതികരിച്ചത്.
2023 ഏപ്രിലിലാണ് സമന്തയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. ക്രമേണ അവളുടെ അവസ്ഥ വഷളായി. ഇതോടെയാണ് തനിക്ക് ലഭ്യമായ അവധികളെടുക്കാന്‍ അമ്മയായ ടെറി നിര്‍ബന്ധിതയായത്. ചികിത്സയിലായിരിക്കുമ്പോള്‍ മകളോടൊപ്പം ഉണ്ടായിരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഇക്കാരണത്താലാണ് മെഡിക്കല്‍ കുടുംബ കാരണങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് ജോലി സുരക്ഷിതത്തോടെ അവധി എടുക്കാന്‍ അനുവദിക്കുന്ന ഫെഡറല്‍ നിയമം അവര്‍ ഉപയോഗിച്ചത്.
ഇതിനു ശേഷം ഓഫീസില്‍ തിരിച്ചെത്തിയ ടെറി, മകളുടെ അവസ്ഥ കണക്കിലെടുത്ത് ബാങ്കിനോട് കൂടുതല്‍ അവധി അഭ്യര്‍ഥിക്കുകയായിരുന്നു. എന്നാല്‍ കണ്ണില്‍ച്ചോരയില്ലാത്ത പെരുമാറ്റമാണ് അവര്‍ 30 വര്‍ഷത്തോളം സേവനമനുഷ്ടിച്ച ബാങ്കില്‍ നിന്നുണ്ടായത്. അന്നേ ദിവസം തന്നെ ബാങ്ക് ടെറിയെ പിരിച്ചുവിടുകയായിരുന്നു. ജോലി നഷ്ടവും തുടര്‍ന്നുണ്ടായ മരണവും ടെറിയെ തളര്‍ത്തി. തുടര്‍ന്നാണ് തന്നോട് ക്രൂരത പ്രവര്‍ത്തിച്ച ബാങ്കിനെതിരേ നിയമ പോരാട്ടത്തിനിറങ്ങാന്‍ ഈ അമ്മ തീരുമാനിച്ചത്.