ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ സാരന്ദി കനാലിലെ വെള്ളം ചുവപ്പ് നിറത്തിലായി. ഒപ്പം സഹിക്കാനാകാത്ത ദുര്‍ഗന്ധവുമുണ്ട്. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്.
രാവിലെ ഈ ദുര്‍ഗന്ധം പരന്നതോടെയാണ് തങ്ങള്‍ ഉണര്‍ന്നതെന്നും പിന്നീടാണ് കനാലിലെ വെള്ളം ചുവപ്പ് നിറത്തിലായത് ശ്രദ്ധിച്ചതെന്നും റിയോ ഡി ലാ പ്ലാറ്റ മേഖലയിലെ പ്രദേശവാസികള്‍ ലോക്കല്‍ ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ഇതിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. രക്തം പോലെ ഒഴുകുന്ന കനാലിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ചുവപ്പ് കെമിക്കല്‍ ഡൈ വെള്ളത്തില്‍ കലര്‍ന്നതാകാം നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി ടെക്‌സ്റ്റൈല്‍ ഫാക്ടറികള്‍ കനാലിന് സമീപത്തുണ്ട്. ഇവയ്ക്ക് പുറമെ ചെരുപ്പും ബാഗുമെല്ലാം നിര്‍മിക്കുന്ന ഫാക്ടറികളുമുണ്ട്. ഇവയില്‍ നിന്ന് പുറന്തള്ളിയ കെമിക്കല്‍ മാലിന്യങ്ങളും നിറംമാറ്റത്തിന് കാരണമായിട്ടുണ്ടാകാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ജലത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നേരത്തേയും മാലിന്യങ്ങള്‍ കാരണം ഈ കനാലിലെ വെള്ളത്തിന്റെ നിറം മാറിയിരുന്നു. പച്ചയും നീലയും നിറങ്ങളിലും വെള്ളം കണ്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആദ്യമായാണ് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നത്. നേരത്തെ മഞ്ഞ നിറത്തിലായ സമയത്ത് ദുര്‍ഗന്ധം കാരണം പലര്‍ക്കും അസുഖമുണ്ടായെന്നും പ്രദേശവാസികള്‍ പറയുന്നു.