ഡൽഹി: രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കിയ ബി ജെ പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. 27 വർഷങ്ങൾക്ക് ശേഷമാണ് ബി ജെ പി രാജ്യതലസ്ഥാനത്ത് ഭരണം പിടിക്കുന്നത്.
ഫ്രാൻസ് – അമേരിക്ക സന്ദർശനത്തിനായി നരേന്ദ്ര മോദി ഇന്ന് തിരിക്കും മുന്നേ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കും. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. അതുകൊണ്ടുതന്നെ വരുന്ന ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നാണ് വ്യക്തമാകുന്നത്. എൻ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.
ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിലുള്ളത്. ജാട്ട് വിഭാഗത്തിൽനിന്നുള്ള വർമ്മയെ മുഖ്യമന്ത്രിയാക്കിയാൽ ഹരിയാനയിൽ ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യു പിയിലും ഇത് നേട്ടമാകുമെന്നുമാണ് ബി ജെ പിയുടെ വിലയിരുത്തൽ.
പർവേഷ് വർമ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ഗവർണറെയും കണ്ടിരുന്നു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു. മുതിർന്ന നേതാക്കളായ വിജേന്ദർ ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയർന്നുവരുന്നുണ്ട്. ആർഎസ്എസ് നേതാവായ അഭയ് മഹാവറും ചർച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാൽ രേഖ ഗുപ്ത, ശിഖ റായ് എന്നിവർക്കാണ് സാധ്യത. നിലവിൽ എംഎൽഎമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. മറ്റു നേതാക്കളെ പരിഗണിക്കുകയാണെങ്കിൽ മാത്രം സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയ്ക്കും, ബാൻസുരി സ്വരാജ് എംപിക്കും നറുക്ക് വീണേക്കും.