ഡൽഹി: ഫ്രാൻസ് – യു.എസ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. വൈകിട്ട് പാരീസിൽ എത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും.
ബുധനാഴ്ച ഫ്രാൻസിൽ നിന്ന് അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ – അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം മോദി – ട്രംപ് ചർച്ചയിൽ ഉയർന്നു വരും.
പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കാനിരിക്കെ നാടുകടത്തുന്നതിനുള്ള പട്ടികയിലുള്ള എല്ലാ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിവരം ഇനിയും അമേരിക്ക കൈമാറിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ഇക്കാര്യങ്ങൾ ട്രംപുമായി ചർച്ച ചെയ്യുമോ എന്ന ചോദ്യത്തോട് നമ്മുടെ പൗരൻമാരോട് എന്തെങ്കിലും തരത്തിൽ മോശം പെരുമാറ്റം ഉണ്ടായാൽ അമേരിക്കയെ ആശങ്ക അറിയിക്കാറുണ്ടെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ മറുപടി.
ഇന്ത്യക്കാരെ കൈവിലങ്ങും കാൽചങ്ങലയും ഇട്ട് നാടുകടത്തിയതിൽ വൻ പ്രതിഷേധം ഉയർന്ന ശേഷം ഇക്കാര്യത്തിലെ ആശങ്ക അറിയിക്കും എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ പറഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും അമേരിക്കയുടെ പ്രതികരണം എന്തെന്ന് വ്യക്തമല്ല. കടുത്ത അപമാനം ഇന്ത്യക്കാർ നേരിട്ട വിഷയത്തിൽ ഇപ്പോഴും കേന്ദ്രം മൃദു സമീപനം സ്വീകരിക്കുന്നത് തുടരുകയാണ്. പാർലമെൻറ് വ്യാഴാഴ്ച ഈ വിഷയത്തിൽ പല തവണ തടസ്സപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം പ്രതിപക്ഷ പ്രതിഷേധവും തണുത്തിരിക്കുകയാണ്. ഇനിയും 487 ഇന്ത്യക്കാരെ നാടുകടത്തും എന്നാണ് അമേരിക്ക ഇന്ത്യയെ അറിയിച്ചത്. ഇതിൽ 298 പേരുടെ വിവരമേ അമേരിക്ക കൈമാറിയിട്ടുള്ളു. ബാക്കിയുള്ളവരുടെ പട്ടിക കൂടി കിട്ടിയാലേ ഇനി വിമാനങ്ങൾ അനുവദിക്കാനാകൂ എന്നാണ് ഇന്ത്യയുടെ നിലപാട്. സൈനിക വിമാനങ്ങൾക്ക് പകരം ചാർട്ടർ ചെയത് വിമാനങ്ങളിൽ വിലങ്ങില്ലാത്തെ ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വയ്ക്കണം എന്നും നയതന്ത്ര വിദഗ്ധരും പറയുന്നു.