Kerala

സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം; സിപിഐയെ അനുനയിപ്പിക്കാനും നീക്കങ്ങൾ | kerala private university bill

സംവരണം 50 ശതമാനമാക്കണമെന്നതാണ് മറ്റൊരു ആവശ്യം

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാനായി പ്രത്യേക മന്ത്രിസഭാ യോ​ഗം ഇന്ന് ചേരും. ബില്ലിനെതിരെ എതിർപ്പുയർത്തിയ സിപിഐയെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയും ഇന്ന് നടക്കും. കൂടുതല്‍ പഠനം നടത്തേണ്ടതല്ലേ എന്ന് മന്ത്രി പി. പ്രസാദ് മന്ത്രിസഭാ യോഗത്തില്‍ ചോദിച്ചിരുന്നു.. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പി.പ്രസാദ് വിഷയം ഉന്നയിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് നേരത്തെ മന്ത്രിസഭ സ്വകാര്യ സർവ്വകലാശാല ബിൽ ചർച്ച ചെയ്യാതിരുന്നത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കാത്തതിനാൽ ചർച്ച ചെയ്തില്ല എന്നായിരുന്നു വിശദീകരണം.

സിപിഐ മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയിൽ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സിപിഐഎമ്മിനെ പ്രതിനിധീകരിക്കും. കെ രാജൻ, പി പ്രസാദ് എന്നീ മന്ത്രിമാരാണ് സിപിഐ പ്രതിനിധികൾ. കൃഷി, ആരോഗ്യ മേഖലകളിൽ സ്വകാര്യ സർവകലാശാലകൾ കോഴ്സുകൾ തുടങ്ങുന്നത് ഇപ്പോഴുള്ള സ്ഥാപനങ്ങളെ ബാധിക്കുമെന്നാണ് സിപിഐയുടെ വാദം. സംവരണം 50 ശതമാനമാക്കണമെന്നതാണ് മറ്റൊരു ആവശ്യം. സിപിഐ വാദം പ്രായോഗികമല്ലെന്ന നിലപാടിലാണ് സിപിഐഎം. മന്ത്രിതല ചർച്ചയിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാണ് തീരുമാനം.