Recipe

ചക്ക സീസൺ വന്നെത്തി: ഇതാ ചക്കപ്പഴം ഉണ്ണിയപ്പം ഉണ്ടാക്കാം | chakkappazham unniyappam recipe

സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് കൊടുക്കാൻ​ വ്യത്യസ്തമായ പലഹാരങ്ങൾ ഇതുപയോഗിച്ച് തയ്യാറാക്കാം

ഭക്ഷണ വൈവിധ്യത്തിന്റെ കാര്യത്തിൽ അടുക്കളയിലെ ഒന്നാമനാണ് ചക്ക. ആളൊരു ‘ആൾറൗണ്ടർ’ തന്നെയാണ് എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം പഴമായും കറിവയ്ക്കാനും ചിപ്സ് ഉണ്ടാക്കാനുമെല്ലാം ആൾ മുന്നിൽ കാണും. ഇപ്പോഴിതാ ചക്കയുടെ സീസണാണ്. അതുകൊണ്ടുതന്നെ സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് കൊടുക്കാൻ​ വ്യത്യസ്തമായ പലഹാരങ്ങൾ ഇതുപയോഗിച്ച് തയ്യാറാക്കാം. ഈ സീസണിൽ ചക്കപ്പഴം കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കാം.

ചേരുവകൾ

ഗോതമ്പ്പൊടി
ശർക്കര
ചക്ക
അരിപ്പൊടി
ഏലയ്ക്ക
ജീരകം
സോഡാപൊടി
വെളിച്ചെണ്ണ
നെയ്യ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് രണ്ടു കപ്പ് ഗോതമ്പ്പൊടി രണ്ടു കപ്പ് അരിപ്പൊടി എന്നിവയെടുക്കാം. ചക്കച്ചുള അരച്ചെടുത്തത് ഒരു ബൗൾ അതിലേയ്ക്കു ചേർത്ത് മൂന്ന് ഏലയ്ക്ക ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർക്കാം. 300 ഗ്രാം ശർക്കര ലായനി ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കാം. ആവശ്യമെങ്കിൽ ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം.

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ചൂടാക്കി തേങ്ങ കഷ്ണങ്ങൾ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കാം. ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം മാവൊഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം. ഇത് ചൂടോടെ തന്നെ കഴിച്ചു നോക്കൂ.