ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്ത കേസിൽ മന്ത്രവാദിയും സഹായിയും അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), ശിഷ്യൻ വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവതിയെ ഇവർ രണ്ടുപേരും പലവട്ടം പീഡിപ്പിക്കുകയും 60 ലക്ഷത്തിലേറെ രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി.
ഭർത്താവുമായുള്ള പ്രശ്നങ്ങൾ മന്ത്രവാദം വഴി തീർത്തു തരാമെന്ന് വിശ്വസിപ്പിച്ചാണ് ഷക്കീർ യുവതിയെ സമീപിച്ചത്. യുവതിയുടെ വീട്ടിൽ ചെന്ന് തലവേദനക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാൻ കൊടുത്ത് ബോധം കെടുത്തി അവരെ നഗ്നയാക്കി ഇയാൾ ഫോട്ടോയെടുത്തു. ഫോട്ടോ ഭർത്താവിന്റെ വീട്ടുകാരെ കാണിച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാൽസംഗം ചെയ്യുകയും ചെയ്തു. കൂടാതെ ഒരു ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
പിന്നീട് ഇയാളുടെ ഗുരു താജുദ്ദീൻ യുവതിക്ക് പ്രേതബാധ ഉണ്ടെന്നും നേരത്തെ ശിഷ്യൻ ഷക്കീർ കൈവിഷം നൽകിയിട്ടുണ്ടെന്നും അത് മന്ത്രവാദം വഴി ഒഴിവാക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ കിടപ്പുമുറിയിൽ കയറി മരുന്ന് നൽകി. അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗം ചെയ്തു. ദൃശ്യം അയാൾ വിഡിയോയിൽ പകർത്തി. പിന്നീട് ഈ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയും പലദിവസങ്ങളിൽ പിഡിപ്പിച്ച് 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
എസ്.ഐ ടി.സി. അനുരാജ്, എസ്.ഐ (ട്രെയിനി) വിഷ്ണു എസ്. നായർ, എസ്.സി.പി.ഒ അനീഷ് വി. നാഥ്, സി.പി.ഒമാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.