Recipe

വായിൽ കപ്പലോടും; വിനാഗിരി ചേർക്കാതെ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാം | garlic pickle without vinegar

വെളുത്തുള്ളി കറിയിൽ ചേർക്കാൻ താൽപര്യം ഇല്ലെങ്കിൽ അച്ചാർ തയ്യാറാക്കി സൂക്ഷിച്ചോളൂ

അടുക്കളയിലെ സൂപ്പര്‍സ്റ്റാറാണ് വെളുത്തുള്ളി. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കറിയിൽ രുചിക്കും മണത്തിനും മാത്രമല്ല ദഹനം മെച്ചപ്പെടുത്തുന്നതിനും കൂടിയാണ് ഇത് ഉപയോഗിക്കാറുള്ളത്. വെളുത്തുള്ളി കറിയിൽ ചേർക്കാൻ താൽപര്യം ഇല്ലെങ്കിൽ അച്ചാർ തയ്യാറാക്കി സൂക്ഷിച്ചോളൂ. കഴിച്ചു നോക്കിയാൽ പിന്നെ പെട്ടെന്നു കാലിയാകും എന്നതു കൊണ്ട് വിനാഗിരി ചേർക്കേണ്ടതില്ല. വളരെ സിംപിളായി എന്നാൽ രുചികരമായി വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്നതെങ്ങനെ എന്ന് പരിചയപ്പെടാം.

ചേരുവകൾ

വെളുത്തുള്ളി- 250 ഗ്രാം
പച്ചമുളക്- 3
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 8
കറിവേപ്പില- ആവശ്യത്തിന്
മുളകുപൊടി- 3 ടേബിൾസ്പൂൺ
കായപ്പൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ഉലുവപ്പൊടി- 1/4 ടീസ്പൂൺ
ശർക്കര പൊടിച്ചത്- 1 ടീസ്പൂൺ
വാളൻപുളി- 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം. കാൽ ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കാം. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വേവിക്കാം. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ മുളകുപൊടി, കായപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് വാളൻപുളി കുതിർത്തു പിഴിഞ്ഞെടുത്തതും ചേർക്കാം.
ആവശ്യത്തിന് ഉപ്പും ശർക്കര പൊടിച്ചതും അൽപം വെള്ളവും ചേർത്തു തിളപ്പിക്കാം. വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.