Sports

രഞ്ജി ട്രോഫി ക്വാർട്ടർ; ജമ്മു കാശ്മീരിന് എതിരായ ഫൈനലിൽ ഒരു റൺസിന്റെ ലീഡ് സ്വന്തമാക്കി കേരളം..| Ranji Trophy Kerala

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ കിടിലൻ തിരിച്ചുവരവ്

ജമ്മു കാശ്മീരിന് എതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒരു റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി കേരളം. പൂനെയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജമ്മു കാശ്മീർ, ഒന്നാമിന്നിങ്സിൽ 280 റൺസിന് ഓളൗട്ടായപ്പോൾ, കേരളം ആദ്യ ഇന്നിങ്സിൽ 281 റൺസ് നേടി. അവസാന വിക്കറ്റിൽ സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് കേരളത്തെ നിർണായകമായ ലീഡിലേക്ക് എത്തിച്ചത്.

200 റൺസിന് ഒൻപത് വിക്കറ്റുകൾ നഷ്ടമായ കേരളം അവസാന വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്.‌ സൽമാൻ നിസാറിന്റെ സെഞ്ചുറിയാണ് കേരളത്തിന്റെ ലീഡിൽ സുപ്രധാന പങ്ക് വഹിച്ചത്. 112 റൺസോടെ താരം പുറത്താകാതെ നിന്നു. രഞ്ജിയിൽ തുടർച്ചയായ രണ്ടാം കളിയിലാണ് സൽമാൻ സെഞ്ചുറി നേടുന്നത്.നേരത്തെ ആദ്യ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ കേരളം ബാറ്റിങ് തകർച്ച നേരിട്ടിരുന്നു.

11 റൺസെടുക്കുന്നതിനിടെ മൂന്ന് ബാറ്റർമാരാണ് പവലിയനിൽ തിരിച്ചെത്തിയത്. എന്നാൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓൾറൗണ്ടർ ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. 78 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 67 റൺസാണ് സക്സേന നേടിയത്. എന്നാൽ സക്സേന പുറത്തായതിന് ശേഷം കേരളം വീണ്ടും തകർച്ചയിലേക്ക് വീണു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 200/9 എന്ന നിലയിലായിരുന്നു കേരളം.

മൂന്നാം ദിനമായ ഇന്ന് സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്ന് ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ഒന്നാമിന്നിങ്സ് ലീഡ് എന്നത് സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കേരളം സൽമാന്റെയും ബേസിലിന്റെയും ബാറ്റിങ് മികവിൽ ത്രില്ലിങ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇതിനിടെ സൽമാൻ നിസാർ സെഞ്ചുറിയും തികച്ചു.

ലീഡ് നേടിയതിന് പിന്നാലെ ബേസിൽ തമ്പി പുറത്തായി. 35 പന്തിൽ രണ്ട് ഫോറുകളുടെ സഹായത്തോടെ 15 റൺസായിരുന്നു ബേസിൽ തമ്പിയുടെ സമ്പാദ്യം. സൽമാൻ നിസാർ 112 റൺസുമായി പുറത്താകാതെ നിന്നു. 172 പന്തുകളിൽ 12 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു സൽമാൻ നിസാറിന്റെ കിടിലൻ ഇന്നിങ്സ്.

content highlight: Ranji Trophy Kerala