കിഫ്‌ബി റോഡിലെ ടോൾ പിരിവിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ പോര്. കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതുപറഞ്ഞ ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയിൽ പറഞ്ഞു. കിഫ്ബിക്ക് വരുമാനദായകമായ പദ്ധതികള്‍ വേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി വെന്റിലേറ്ററില്‍ ആണെന്നും ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. കിഫ്ബി പദ്ധതികള്‍ താളം തെറ്റി എന്ന ആക്ഷേപത്തിലൂടെ ടോള്‍ പിരിവ് നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. റൂള്‍ 50 പ്രകാരമുള്ള ഉപക്ഷേപത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷം കെ-ഫോണിനും കെ- ടോള്‍ വരുന്നു എന്നാണ് ആരോപിച്ചത്. ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കി.
പ്രതിപക്ഷം നടത്തുന്നത് ധൃതരാഷ്ട്ര ആലിംഗനമെന്നും കിഫ്ബിയോടുള്ള സ്‌നേഹം കൊണ്ടല്ല നോട്ടീസ് എന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയെ തകര്‍ക്കുക തന്നെയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി പിറകോട്ടല്ല , മുന്നോട്ട് തന്നെയാണ് പോകുന്നത്. താളം തെറ്റിക്കാന്‍ ശ്രമം ഉണ്ട്. അതിന്റെ ഫലമായുള്ള ശ്വാസംമുട്ടലുമുണ്ട് – അദ്ദേഹം വ്യക്തമാക്കി. വരുമാന ദായകമായ പദ്ധതികള്‍ കിഫ്ബിക്ക് വേണമെന്നും ഏതൊക്കെ പദ്ധതി വേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കപ്പെടുത്തേണ്ടതില്ലെന്നും ഇല്ലാത്ത കാര്യം പറഞ്ഞ് ആശങ്ക ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കിഫ്ബി വെന്റിലേറ്ററിലാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വെന്റിലേറ്റര്‍ എപ്പോള്‍ ഊരണമെന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരോട് ചോദിക്കേണ്ട സമയമായെന്നും പറഞ്ഞു. കിഫ്ബി പണം നിങ്ങളുടെ ആരുടെയും തറവാട്ട് സ്വത്ത് വിറ്റ് കിട്ടിയ പണമല്ല. ജനങ്ങള്‍ കൊടുക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സും പെട്രോള്‍ സെസും ആണിത്. സംസ്ഥാന ബജറ്റിന് മീതെ ബാധ്യതയായി കിഫ്ബി മാറി- അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് പണം പറ്റുന്ന കിഫ്ബി ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ബാധ്യതയാണ്. ടോള്‍ പിരിച്ച്, ഇനിയും ബാധ്യത അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കിഫ്ബി പിന്നോട്ടല്ല മുന്നോട്ടാണെന്ന ധനമന്ത്രിയുടെ മറുപടിയോടെ പ്രത്യേക ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.