Kerala

മിഹിര്‍ അഹമ്മദിന്‍റെ മരണം: കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിനെ തുടർന്ന് മിഹിർ അഹമ്മദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവൻ ഒടുക്കിയെന്ന മാതാവിന്റെ പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. തങ്ങളുടെ കുട്ടികൾക്കും ഈ സ്‌കൂളിൽ വച്ച് സമാനമായ റാഗിങ്ങ് നേരിടേണ്ടി വന്നിട്ടുള്ളതായി വെളിപ്പെടുത്തി നിരവധി മാതാപിതാക്കൾ രംഗത്തെത്തിയിട്ടു​ണ്ടെന്നും മന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഭീകരമായ റാഗിങ് നേരിട്ട തന്റെ കുട്ടി ആത്മഹത്യയുടെ വക്കുവരെ എത്തിയതായും പരാതി സ്‌കൂൾ അധികൃതർ അവഗണിച്ചതിനാൽ ടി.സി വാങ്ങി മറ്റൊരു സ്‌കൂളിലേയ്ക്ക് ചേർക്കേണ്ടി വന്നതായും ഒരു രക്ഷകർത്താവ് വെളിപ്പെടുത്തിയിരുന്നു.

മിഹിറിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മാതാപിതാക്കൾ, ഗ്ലോബൽ പബ്ലിക് സ്‌കൂൾ, കാക്കനാട് ജെംസ് സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, സ്‌കൂൾ മാനേജ്മന്റ് പ്രതിനിധികൾ എന്നിവരെ ഫെബ്രുവരി 3 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിൽ കണ്ട് തെളിവെടുത്തു. ഈ കൂടിക്കാഴ്ചയിൽ മാതാവ് ഉന്നയിച്ച റാഗിങ് ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചിരുന്നു.