ചിക്കൻ കറി എല്ലാ വീടുകളിലും വയ്ക്കാറുണ്ട്. പല സ്ഥലങ്ങളിലും അത് പല രീതിയിൽ ആയിരിക്കും. മസാലകൾ വ്യത്യസ്തമായിരിക്കും. ചോറ്, ചപ്പാത്തി, പാലപ്പം എന്നിവയ്‌ക്കൊപ്പം മാത്രമല്ല, എന്തിനൊപ്പവും അത് പോകും. എന്നാൽ ഇന്ന് സ്ഥിരം തയ്യാറാക്കുന്ന ചിക്കൻ കറിയുടെ ചേരുവകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് ഉണ്ടാക്കാം. ഒരു ചൈനീസ് ചിക്കൻ കറി…
ചേരുവകൾ
ചിക്കൻ- 500 ഗ്രാം
സോയസോസ്- 1 ടേബിൾസ്പൂൺ
കോൺസ്റ്റാർച്ച്- 1 ടീസ്പൂൺ
കുരുമുളക്- 1/2 ടീസ്പൂൺ
എണ്ണ- 2 ടേബിൾസ്പൂൺ
വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി- 1 ചെറിയ കഷ്ണം
സവാള- 1
കാരറ്റ്- 1
മുളകുപൊടി- 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ചിക്കൻ സ്റ്റോക്ക് – 1 കപ്പ്
തേങ്ങാപ്പാൽ- 1/2 കപ്പ്
പഞ്ചസാര- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഷ്ണങ്ങൾ വൃത്തിയായി കഴുകി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് സോയ സോസ്, കോൺസ്റ്റാർച്ച്, കുരുമുളക് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 20 മിനിറ്റ് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. അതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് വറുത്തു മാറ്റാം.
അതേ പാനിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി, സവാള, കാരറ്റ്, എന്നിവ ചേർത്തു വേവിക്കാം. പച്ചക്കറികൾ വെന്തതിനു ശേഷം മഞ്ഞൾപ്പൊടി, സോയസോസ്, ചിക്കൻ സ്റ്റോക്ക്, കൊഴുപ്പുള്ള തേങ്ങാപ്പാൽ, മുളകുപൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇടത്തരം തീയിൽ അഞ്ച് മിനിറ്റ് കറി തിളപ്പിക്കാൻ വയ്ക്കാം. ഉപ്പ് കുറവാണെങ്കിൽ അത് കൂടി ഇടയ്ക്ക് ചേർത്തു കൊടുക്കാം. കറി തിളച്ച് കുറുകിയതിനു ശേഷം അടുപ്പണച്ച് മാറ്റി വയ്ക്കാം.