India

ബസ്സിന്റെ സീറ്റില്‍ ഭക്ഷണം വീണതിന് യാത്രക്കാരനെ തല്ലിക്കൊന്നു; ഡ്രൈവറും സഹായികളും പിടിയിൽ

ബസിലെ സീറ്റിൽ ഭക്ഷണം വീണതിന്റെ പേരിൽ യാത്രക്കാരനെ തല്ലിക്കൊന്നു. മനോജ് എന്നയാളെയാണ് ബസിലെ ഡ്രൈവറും രണ്ട് സഹായികളും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വടക്ക് കിഴക്കൻ ദില്ലിയിൽ ഞായറാഴ്ചയാണ് സംഭവം. അക്രമത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കമ്പി കുത്തികയറ്റാനും അക്രമികൾ ശ്രമിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.

അക്രമണത്തിന് പിന്നാലെ അബോധാവസ്ഥയിലായ യുവാവിനെ ഭാവന ഫ്ലൈ ഓവറിന് സമീപത്തായി ഉപേക്ഷിച്ച ശേഷം സംഘം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. റോഡിലൂടെ പോയ ആളുകളാണ് മനോജ് അവശനിലയിൽ കിടക്കുന്നത് കണ്ടതിന് പിന്നാലെ പൊലീസിനെ വിവരം അറിയിച്ചത്. ആന്തരിക മുറിവുകളും സ്വകാര്യ ഭാഗങ്ങളിലെ പരിക്കുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്, രണ്ട് പേർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.