Kerala

ദീര്‍ഘകാല വൈദ്യുതി കരാര്‍ നടപ്പാക്കുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ദീര്‍ഘകാല വൈദ്യുതി കരാര്‍ നടപ്പാക്കുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 2011ലെ യുഡിഎഫ് സര്‍ക്കാരാണ് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ ഉത്തരവിറക്കിയത്. 2016ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ നിയമവിരുദ്ധമായിരിന്നിട്ടും കരാര്‍ തുടര്‍ന്നു. കരാര്‍ പ്രകാരമുള്ള വൈദ്യുതി കേരളത്തിന് ലഭിച്ചു കൊണ്ടിരുന്നതാണ് അതിന് കാരണം. കരാരില്‍ നിന്ന് പിന്മാറിയിരുന്നെങ്കില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമായിരുന്നു. ജനങ്ങളെ ഇരുട്ടിലാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ല. കരാറില്‍ എതിര്‍ക്കേണ്ട പല വ്യവസ്ഥകളും ഉണ്ട്. വൈദ്യുതി ലഭിക്കുന്നതിനാല്‍ അത്‌റെ ഒഴിവാക്കിയില്ല. ഇപ്പോള്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ല, റെഗുലേറ്ററി കമ്മിഷന്‍ ആണ് ഇതിനെതിരെ മന്ത്രിസഭ അടക്കം കടുത്ത നിലപാട് എടുത്തു. കമ്മിഷന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഇതടക്കം സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും വൈദ്യുതി കരാര്‍ സംബന്ധിച്ച ചോദ്യത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്ന വൈദ്യുതി ഇപ്പോള്‍ എട്ട് മുതല്‍ 14 രൂപ വരെ കൊടുത്താണ് വാങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ആക്ഷേപം ഉന്നയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് മൂന്ന് തവണ വൈദ്യുതി നിരക്ക് ഉയര്‍ത്തിയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. റെഗുലേറ്ററി കമ്മിഷനില്‍ അംഗങ്ങളായിരിക്കുന്നത് മുന്‍ വൈദ്യുതി മന്ത്രി എം എം മണി, പ്രൈവറ്റ് സെക്രട്ടറി, വൈദ്യുതി ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവുമാണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍, പകല്‍സമയത്ത് വൈദ്യുതി നിരക്ക് 10 പൈസ കുറച്ചതിനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കുന്നില്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി. കമ്മിഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.