Kerala

വീട് ജാമ്യമായിട്ടുണ്ടെങ്കില്‍ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കുമ്പോള്‍ അത് ജപ്തി ചെയ്യരുതെന്ന് മുഖ്യമന്ത്രി; ജപ്തിക്ക് മുമ്പ് പകരം ഷെല്‍ട്ടര്‍ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കണമെന്ന് സഹകരണ മന്ത്രി

വീട് ജാമ്യമായിട്ടുണ്ടെങ്കില്‍ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കുമ്പോള്‍ അത് ജപ്തി ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീട് അവിടെ താമസിക്കുന്നവരുടെ അവകാശമാണ്. അവരെ വഴിയാധാരമാക്കുന്ന ഒരു നിലപാടും സ്വീകരിക്കരുത്. ആ നില സഹകരണമേഖലയാകെ മാതൃകയാക്കി പോകണം. അത് കര്‍ശനമായി പാലിക്കാന്‍ എല്ലാ സഹകരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ ഇതുസംബന്ധിച്ച ചോദ്യത്തില്‍ ഇടപെട്ട് മറുപടി നല്‍കി. സര്‍ഫാസി നിയമത്തിന്റെ ഭാഗമായി ബാങ്കുകള്‍ വീടുകള്‍ ജപ്തി ചെയ്യുന്നതിനെതിരെ വലിയൊരു പ്രസ്ഥാനം തന്നെ ഉയര്‍ന്നുവന്നതാണ്. ഇക്കാര്യത്തില്‍ സഹകരണ മേഖല മാതൃക കാണിക്കണമെന്നതാണ് പൊതുവേയുള്ള നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് സെന്റില്‍ താഴെയിരിക്കുന്ന വീടുകള്‍ ബാങ്ക് നപടികളുടെ ഭാഗമായി ജപ്തി ചെയ്യുമ്പോള്‍ ബോര്‍ഡ് സ്ഥാപിക്കരുതെന്നും ജപ്തിക്ക് മുമ്പ് പകരം ഷെല്‍ട്ടര്‍ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കണമെന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടിയുടെ ഭാഗമായി ബാങ്കുകള്‍ വസ്തുവില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ശരിയല്ല. കേരള ബാങ്ക് ഇത്തരത്തില്‍ ചെയ്യുന്നില്ലെന്നും വി ആര്‍ സുനില്‍ കുമാര്‍, ജി എസ് ജയലാല്‍, മുഹമ്മദ് മുഹ്‌സീന്‍, സി സി മുകുന്ദന്‍, സി ആര്‍ മഹേഷ്, തോമസ് കെ തോമസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. ന്യൂജെന്‍ ബാങ്കുകളോട് കിടപടിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും കേരള ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. അതിന് വേണ്ടിയാണ് മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഗൂഗിള്‍ പേ അടക്കമുള്ളവ ഒരുക്കിയത്. കേരള ബാങ്ക് ഇതുവരെ 50,200 കോടിയുടെ വായ്പ നല്‍കി. ഇന്ത്യയിലെ ഒന്നാമത്തെ സഹകരണ ബാങ്കാണ് കേരള ബാങ്ക്. കേരളത്തിലെ 45 ബാങ്കുകളില്‍ അഞ്ച് ബാങ്കുകള്‍ക്ക് മാത്രമാണ് ഇത്രയും വായ്പ കൊടുക്കാന്‍ കഴിഞ്ഞത്. അതിലൊന്ന് കേരള ബാങ്കാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.