Kerala

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ കാര്യത്തില്‍ കേന്ദ്രം നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷ: തുറമുഖ വകുപ്പ് മന്ത്രി

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ (വിജിഎഫ്) കാര്യത്തില്‍ കേന്ദ്രം നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ  2159 കോടി രൂപ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്  ചെലവാക്കി. വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രം നല്‍കാത്തതിനാല്‍ ഈ തുക നബാര്‍ഡില്‍ നിന്ന് വായ്പയായി ലഭ്യമാക്കുന്നുണ്ട്. വിജിഎഫ് കേരളത്തിന്റെ അവകാശമാണ്, ഔദാര്യമല്ല. ഇതുവരെ വിഴിഞ്ഞത്ത് 163 കപ്പുലകള്‍ വന്നുപോയി. 3.20 ടി യു ചരക്കാണ് ഇതുവരെ കൈകാര്യം ചെയ്തത്. 2028ല്‍ വിഴിഞ്ഞം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുന്നു. ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. നാലാം ഘട്ടമാകുന്നതോടെ ഇത് 30 ലക്ഷമാകും. റെയില്‍,റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാകാനുണ്ട്. റെയില്‍ കണക്ടിവിറ്റിക്കായുള്ള കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കാത്തിരിക്കുകയാണെന്നും ഇ ചന്ദ്രശേഖരന്‍, എ കെ എം അഷറഫ്, പി ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, എം വിന്‍സെന്റ്, മഞ്ഞളാംകുഴി അലി എന്നിവരെ മന്ത്രി നിയമസഭയില്‍ അറിയിച്ചു.