കോഴിക്കോട്: വീടിന് സമീപത്തെ റോഡിലൂടെ നടക്കുകയായിരുന്ന വയോധികയെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി പൊലീസ്. മാവൂര്‍ കള്ളിവളപ്പില്‍ കെവി ഷാനിഫ്, പാഴൂര്‍ തോര്‍ക്കാളില്‍ ടി ഷമീര്‍ എന്നിവരെയാണ് മികവാര്‍ന്ന അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂര്‍ പൈപ്പ് ലൈന്‍ റോഡില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുവരികയായിരുന്ന വയോധികയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
വൃദ്ധയെ റോഡില്‍ തള്ളിയിട്ട ഷാനിഫും ഷമീറും കഴുത്തില്‍ ധരിച്ചിരുന്ന മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ച വയോധികയുടെ മാലയുടെ ചെറിയ ഭാഗം മാത്രമേ ഇവര്‍ക്ക് ലഭിച്ചുള്ളൂ. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും ഇവര്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വയോധികയുടെ മുഖത്തും കാലിലും പരിക്കേറ്റിരുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ച മാവൂര്‍ പൊലീസിന് സംഭവ സമയത്ത് പ്രദേശത്ത് വൈദ്യുതി നിലച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനുള്ള സാധ്യതകള്‍ അടഞ്ഞു.
പിന്നീട് അടുത്ത പ്രദേശത്തെ ഏതാനും ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇവര്‍ എന്‍ഫീല്‍ഡ് കമ്പനിയുടെ വെള്ളയും നീലയും നിറത്തിലുള്ള ഹണ്ടര്‍ ബൈക്കിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായി. കൊണ്ടോട്ടി, കൊടുവള്ളി, കോഴിക്കോട് ആര്‍ടിഒ ഓഫീസുകളുമായി ബന്ധപ്പെട്ട പൊലീസ് സമാന നിറത്തിലുള്ള ബൈക്ക് രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ നിന്നും മാവൂര്‍ ഭാഗത്ത് വരാന്‍ സാധ്യതയുള്ളതും ദൃശ്യങ്ങളിലെ ബൈക്കിന് സമാനമായ പ്രത്യേകതകളുള്ള മോഡല്‍ സ്വന്തമാക്കിയ ഉടമകളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ ഇടയാക്കിയത്.
മാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി രാജേഷ്, എസ്‌ഐ സലീം മുട്ടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ പ്രമോദ്, നിതീഷ്, ഷിബു, ദിലീപ്, ഷിനോജ്, റിജേഷ്, മുഹമ്മദ്, ലാലിജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെപിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
content highlight : two-youths-arrested-for-assaulting-elderly-woman-and-attempting-to-steal-gold-ornaments-in-kozhikode-mavoor-road