മഹാരാഷ്ട്രയിലെ താന ജില്ലയിലാണ് ബോര്‍ഡി എന്ന മനോഹരമായ ബീച്ച് ടൗണ്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നും വടക്കുമാറിയാണ് ബോര്‍ഡിയുടെ കിടപ്പ്. ദഹനു എന്ന ചെറുപട്ടണത്തില്‍നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനോഹരവും അതേസമയം വൃത്തിയുള്ളതുമായ കടല്‍ത്തീരമാണ് ബോര്‍ഡിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇളം കറുപ്പ് നിറത്തിലുള്ള മണല്‍ത്തരികളും വളര്‍ന്നുനില്‍ക്കുന്ന സപ്പോട്ട മരങ്ങളും ബോര്‍ഡിയുടെ കടല്‍ത്തീരത്തിന് സൗന്ദര്യമേറ്റുന്നു.
അരക്കിലോമീറ്റര്‍ ദൂരം വരെ കടലിലേക്ക് ഇറങ്ങിയാലും അരപ്പൊക്കത്തത്തില്‍ കൂടുതല്‍ ഇവിടെ വെള്ളമെത്തില്ല. അതുകൊണ്ട് തന്നെ ഭയമേതുമില്ലാതെ കടലില്‍ കളിക്കാനും കുളിക്കാനുമായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. മുംബൈയില്‍ നിന്നും 153 കിലോമീറ്റര്‍ യാത്രചെയ്താല്‍ ബോര്‍ഡിയിലെത്താം. അധികം ബഹളങ്ങളില്ലാത്തതാണ് ബോര്‍ഡി ബീച്ച്. പ്രശാന്തതയും സ്വസ്ഥതയും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പറ്റിയ ഇടം. ഒപ്പം പ്രകൃതിസുന്ദരങ്ങളായ ഒട്ടനവധി കാഴ്ചകളും. അനന്തമായ കടല്‍ത്തീരത്ത് ചിക്കു മരങ്ങള്‍ക്കിടയിലൂടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സായന്തന സവാരിക്കും സൂര്യസ്‌നാനത്തിനും പറ്റിയ ഇടമാണ് ബോര്‍ഡി.
നേരത്തെ പറഞ്ഞതുപോലെ, മനോഹരമായ സായന്തനങ്ങളാണ് ബോര്‍ഡിയുടെ ഹൈലൈറ്റ്. സൂര്യസ്‌നാനത്തിനും വൈകുന്നേരത്തെ നടത്തയ്ക്കുമായി നിരവധി യാത്രികര്‍ ഇവിടെയത്തിച്ചേരുന്നു. കുതിരസവാരിയും ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഹാരാഷ്ട്ര വന സംരക്ഷണ വിഭാഗമാണ് ബോര്‍ഡിയുടെ ഭംഗി ഇതുപോലെ കാത്തുസൂക്ഷിക്കുന്നതും ഇത് സഞ്ചാരികള്‍ക്ക് നല്‍കുന്നതും. വിനോദ സഞ്ചാര കേന്ദ്രം എന്നതിനൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലുള്ള ബോര്‍ഡിയുടെ പ്രാധാന്യം. സൗരാഷ്ട്രിയന്മാരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ബോര്‍ഡി. ഒരു വര്‍ഷത്തിലേറെയായി കെടാതെ സൂക്ഷിക്കുന്ന വിശുദ്ധമായ അഗ്നിനാളമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി കരുതപ്പെടുന്നത്.
അതിഥി സല്‍ക്കാരപ്രിയരായ പാഴ്‌സികളാണ് ബോര്‍ഡിയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും. രുചികരമായ പാഴ്‌സി ഭക്ഷണങ്ങളും താല്‍ക്കാലിക താമസത്തിന് കോട്ടേജുകളും വീടുകളും അവര്‍ സഞ്ചാരികള്‍ക്കായി ഒരുക്കിക്കൊടുക്കുന്നു. ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരത്തായി ബഹ്രോട്ട് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ബഹ്രോട്ട് ഗുഹകളാണ് ബോര്‍ഡിയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണം. ഏതാണ്ട് 1500 അടി ഉയരമുള്ള ഈ കുന്ന് പാഴ്‌സികള്‍ക്കിടയില്‍ പവിത്രമായ ഒന്നെന്ന് കണക്കാക്കപ്പെടുന്നു.
മല്ലിനാഥ് ജൈന തീര്‍ത്ഥ കോസ്ബാദ് ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രം. ജൈനന്മാരാണ് ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത്. പ്രഭാദേവി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഋഷഭത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. 10 കിലോമീറ്റര്‍ അകലത്തിലായി കല്‍പ്പതരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കാണാം. രാമായണം, മഹാഭാരതം തുടങ്ങിയ പ്രശസ്ത സീരിയലുകള്‍ ചിത്രീകരിച്ച വൃന്ദാവന്‍ സ്റ്റുഡിയോയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. പുരാതന ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും നിര്‍മാണ ശൈലിയും വിളിച്ചോതുന്നതാണ് പണ്ട് കാലത്ത് ജയിലായും ഉപയോഗിച്ചുവന്നിരുന്ന ദഹനു കോട്ട. മഴ മാറിയ ഉടനെയുള്ള മാസങ്ങളും ശീതകാലവുമാണ് ബോര്‍ഡി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായത്.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായത്. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ബോര്‍ഡിയില്‍. 12 ഡിഗ്രി സെല്‍ഷ്യസ് വരെ ശീതകാലത്ത് ഇവിടെ താപനില താഴുന്നു. ഒപ്പം തന്നെ, വിമാനമാര്‍ഗമോ, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയോ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലം കൂടിയാണ് ബോര്‍ഡി. മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ച്ര വിമാനത്താവളം. റെയില്‍ മാര്‍ഗമാണെങ്കില്‍ ധനു റോഡ് സ്റ്റേഷനാണ് അനുയോജ്യം. മുംബൈയില്‍ നിന്നും റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങളും നിരവധി ലഭ്യമാണ്.
ഗതാഗത കാര്യത്തിലുള്ള സൗകര്യം കൊണ്ട് കൂടിയാവണം ബോര്‍ഡിയെന്ന ബീച്ച് ടൗണിലേക്ക് സഞ്ചാരികള്‍ നിരന്തരം വന്നുചേരുന്നതും. വീക്കെന്‍ഡുകളും അവധി ദിനങ്ങളും ആസ്വദിക്കുവാനുള്ള ഉത്തമ സാഹചര്യമാണ് ബോര്‍ഡിയിലുള്ളത്. തിരക്കുപിടിച്ച നഗരജീവിതത്തില്‍ നിന്നുള്ള വിടുതല്‍ കൂടിയാണ് ബോര്‍ഡിയിലേക്കുള്ള ഒരു യാത്ര നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബീച്ചിന്റെ സൗന്ദര്യവും, സൂര്യസ്‌നാനവും, കടലില്‍ കുളിയുമായി മനോഹരമായ ഒരു അവധിദിനം ബോര്‍ഡിയില്‍ സാധ്യമാകുന്നു.
STORY HIGHLIGHTS: walk-over-the-sea-city-of-beaches-bordi