ഗൂഗിൾ പുതിയ സ്മാർട്ട്‌ഫോൺ പിക്‌സൽ 9a ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ അതിന്‍റെ വിലയെയും സവിശേഷതകളെയും കുറിച്ചുള്ള നിരവധി വിവരങ്ങൾ ചോർന്നിട്ടുണ്ട്. മാർച്ച് 19 മുതൽ ഈ ഫോൺ പ്രീ-ഓർഡറിനായി ലഭ്യമാകുമെന്നും മാർച്ച് 26 മുതൽ ഷിപ്പിംഗ് ആരംഭിക്കാനും സാധ്യതയുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ. ഗൂഗിൾ പിക്സൽ 9എ 2025 മാർച്ച് 19ന് യൂറോപ്പിൽ പുറത്തിറങ്ങുമെന്നും യുഎസിൽ 2025 മാർച്ച് 26ന് വിൽപ്പന ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ പിക്‌സൽ സീരീസിന്‍റെ ആരാധകനാണെങ്കിൽ ഗൂഗിൾ പിക്സൽ 9എ-യിൽ എന്തെല്ലാം പ്രത്യേകതകളുണ്ടാകും, അതിന്‍റെ വില എത്രയായിരിക്കും, അത് എന്തൊക്കെ മികച്ച സവിശേഷതകളോടെയാണ് വരുന്നതെന്നുമൊക്കെ അറിയാം.
ഗൂഗിൾ പിക്സൽ 9a-യുടെ പ്രതീക്ഷിക്കുന്ന വില
യുഎസിലെ വില
128 ജിബി മോഡൽ – 499 ഡോളർ
256 ജിബി മോഡൽ – 599 ഡോളർ
യൂറോപ്പിലെ വില
128 ജിബി മോഡൽ – 549 യൂറോ
256 ജിബി മോഡൽ – 649 യൂറോ
256 ജിബി മോഡലായ പിക്സൽ 9എ-യുടെ വില കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ അൽപ്പം കൂടുതലായിരിക്കും. എങ്കിലും, അപ്‌ഗ്രേഡ് ചെയ്‌ത സവിശേഷതകൾ കാരണം ഈ വില ന്യായമാണെന്ന് തോന്നാം. അതേസമയം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇതിന്‍റെ ലഭ്യതയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. ഗൂഗിൾ ഉടൻ തന്നെ ഇത് സംബന്ധിച്ച ഒരു അപ്‌ഡേറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ പിക്സൽ 9a-യുടെ വിലയിൽ തീർച്ചയായും മാറ്റമുണ്ടാകും. ഗൂഗിൾ പിക്സൽ 8a 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്‍റുകൾ യഥാക്രമം 52,999 രൂപയ്ക്കും 59,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്തായാലും ഗൂഗിൾ അവരുടെ പുതിയ ഫോണായ പിക്സൽ 9a-യിൽ ചില മികച്ച സവിശേഷതകൾ നൽകാൻ പോകുന്നു. അതിന്‍റെ സാധ്യമായ സവിശേഷതകൾ നമുക്ക് നോക്കാം:
സ്പെസിഫിക്കേഷനുകൾ
പിക്സൽ 9 സീരീസിൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസറായ ടെൻസർ ജി4 ചിപ്‌സെറ്റ് പിക്സൽ 9a-യിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ പ്രാപ്‍തമാക്കുന്നതിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഈ ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 120Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുള്ള 6.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്‍റെ സവിശേഷതയെന്ന് പറയപ്പെടുന്നു. ക്യാമറയുടെ കാര്യത്തിൽ, പിക്‌സൽ 9a-യിൽ 48 മെഗാപിക്‌സൽ പ്രൈമറി സെൻസറും 13 മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ബാറ്ററി ലൈഫും അപ്‌ഗ്രേഡ് ചെയ്‌തേക്കാം, 23 വാട്സ് വയർഡ് ചാർജിംഗും 7.5 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,100 എംഎഎച്ച് ബാറ്ററിയും നിർദ്ദേശിക്കുന്നു. മുൻ പിക്‌സൽ എ-സീരീസ് മോഡലുകളേക്കാൾ മികച്ച പൊടി, ജല പ്രതിരോധത്തിനുള്ള ഐപി68 റേറ്റിംഗും ഫോണിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
128 ജിബി മോഡൽ ഐറിസ്, ഒബ്സിഡിയൻ, പിയോണി, പോർസലൈൻ എന്നീ നാല് നിറങ്ങളിൽ പുറത്തിറക്കുമെന്ന് സൂചനയുണ്ട്. അതേസമയം 256 ജിബി വേരിയന്‍റ് ഐറിസിലും ഒബ്‍സിഡിയനിലും മാത്രമേ ലഭ്യമാകൂ. ഗൂഗിൾ അതിന്‍റെ മുൻനിര മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നതുപോലെ, പിക്സൽ 9a-യിലും സൗജന്യ സേവന സബ്‌സ്‌ക്രിപ്‌ഷനുകൾ ബണ്ടിൽ ചെയ്‌തേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വാങ്ങുന്നവർക്ക് ആറ് മാസത്തേക്ക് ഫിറ്റ്ബിറ്റ് പ്രീമിയം, യൂട്യൂബ് പ്രീമിയം, മൂന്ന് മാസത്തേക്ക് ഗൂഗിൾ വൺ (100 ജിബി ക്ലൗഡ് സ്റ്റോറേജ്) എന്നിവ ലഭിക്കും.
content highlight: google-pixel-9a-in-india