India

ബെംഗളൂരുവില്‍ അഞ്ച് മണിക്കൂറില്‍ കുത്തേറ്റത് നാലുപേർക്ക്; സംഭവത്തിൽ പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലീസ് | man attacks five with knife

ഫെബ്രുവരി എട്ടിനാണ് കദംബ എന്നയാള്‍ നാലുപേരെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്.

ബെംഗളൂരു: ഇന്ദിരാനഗറില്‍ അഞ്ച് മണിക്കൂറില്‍ നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലീസ്.  ഫെബ്രുവരി എട്ടിനാണ് കദംബ എന്നയാള്‍ നാലുപേരെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സീരിയല്‍ കില്ലറാണ് കൃത്യം നടത്തിയത് എന്നുള്ള തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. പ്രതി ഒരു സീരിയര്‍ കില്ലര്‍ അല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമണത്തിനിരയായവര്‍ അപകടനില തരണം ചെയ്തെന്നും പൊലീസ് റെക്കോര്‍ഡ് പ്രകാരം പ്രതി മൊബൈല്‍ ഫോണ്‍ മോഷ്ടാവാണെന്നും മധ്യപിച്ച് ലക്കുകെട്ട നിലയിലാണ് കൃത്യം ചെയ്തതെന്നും ബെംഗളൂര്‍ ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവരാജ് പറഞ്ഞു. കദംബ നിലവില്‍ ഒളിവിലാണ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 6 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

ശനിയാഴ്ച രാത്രിയാണ് കദംബ മദ്യപിച്ച് നാലുപേരെ കുത്തിയത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ ജസ്വന്ത് എന്ന 19 കാരനെയാണ് ആദ്യം കുത്തിയത്. സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തിച്ചു. പിറകില്‍ കയറിയ ശേഷം വണ്ടി മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. കദംബ ആവശ്യപ്പെട്ട വഴിയിലൂടെ ജസ്വന്ത് വണ്ടി എടുക്കാതിരുന്നപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ ജസ്വന്തിനെ വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

ശേഷം ഇയാള്‍ നേരെ ചെന്നത് റോഡ് സൈഡില്‍ പാനി പൂരി വില്‍ക്കുകയായിരുന്ന ദീപക് കുമാര്‍ (24) എന്നയാളുടെ അടുത്തേക്കാണ്. കദംബ പാനി പൂരി ആവശ്യപ്പെട്ടപ്പോള്‍ പാനി പൂരി തീര്‍ന്നു എന്നാണ് ദീപക് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നിരന്തരം തെറിവിളിക്കുകയും കടയിലെ ആളുകള്‍ പോയതിനു ശേഷം കത്തി പുറത്തെടുത്ത് ദീപക്കിന്‍റെ കഴുത്തില്‍ വെട്ടി. അവിടെ നിന്ന് 800 മീറ്റര്‍ മാറി തമ്മയ്യ എന്ന 44 കാരന്‍ മറ്റൊരു പാനി പൂരി കട നടത്തുന്നുണ്ടായിരുന്നു. കദംബ പാനി പൂരി ചോദിച്ചപ്പോള്‍ തമ്മയ്യ കൊടുത്തു. എന്നാല്‍ തമ്മയ്യ ഇയാളോട് പണം ആവശ്യപ്പെട്ടു. 30 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കദംബ തമ്മയ്യയുടെ മുഖത്ത് കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.

പാതിരാത്രി 2.30 ഓടെയായിരുന്നു നാലാമത്തെ സംഭവം. ആദില്‍ ആമിര്‍ സാബ് എന്ന 24 വയസുള്ള ബൈക്ക് ടാക്സി ഡ്രൈവറോട് കദംബ കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ആദില്‍ പറഞ്ഞപ്പോള്‍ കദംബ അയാളുടെ കയ്യിലും കഴുത്തിലും വെട്ടി. ശേഷം മൊബൈല്‍ ഫോണും സ്കൂട്ടറും പിടിച്ചുവാങ്ങി. സംഭവം വാര്‍ത്തായായതോയെ നഗരത്തില്‍ സീരിയല്‍ കില്ലര്‍ ഇറങ്ങി എന്ന തരത്തില്‍ അഭ്യുഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചു. അതൊടെ പൊലീസ് വിഷയത്തില്‍ കൃത്യത വരുത്തുകയായിരുന്നു.

content highlight : not-serial-killer-bengaluru-cops-says-after-a-man-attacks-five-with-knife