ആലപ്പുഴ: ആലപ്പുഴ വാടയ്ക്കലിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. സംഭവത്തിൽ അയൽവാസിയായ കിരണിനെ പുന്നപ്ര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാടത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ദിനേശന്റെ ശരീരമെന്നും മദ്യപിച്ച് കിടക്കുകയാണ് എന്നാണ് കരുതിയതെന്നും നാട്ടുകാരിലൊരാൾ പറയുന്നു. രാവിലെ മുതൽ പാടത്ത് ഒരാൾ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ മദ്യപാനിയാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല. പിന്നീട് ഉച്ച കഴിഞ്ഞതിന് ശേഷവും ഇയാൾ എഴുന്നേൽക്കാതെ വന്നപ്പോഴാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുന്നത്.
അന്നേദിവസം നാലരയോടെയാണ് സംഭവം അറിയുന്നതെന്നും മെമ്പർമാരെത്തിയാണ് മൃതദേഹം ദിനേശന്റെയാണെന്ന് തിരിച്ചറിഞ്ഞതെന്നും അയൽക്കാരൻ പറയുന്നു. ദിനേശനെ ചെറുപ്പം മുതലേ അറിയാമായിരുന്നുവെന്നും ഇവർ പറയുന്നു. ദിനേശൻ ഷോക്കേറ്റ് മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് അത് കൊലപാതകമെന്ന് നാട്ടുകാർ അറിയുന്നത്. അതേ സമയം ദിനേശനും കിരണും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികളിലൊരാൾ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ദിനേശനെ തൊട്ടടുത്തുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കയ്യിലെ പൊള്ളലും ദേഹത്തെ മുറിവുകളും കണ്ട് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പോസ്റ്റ് മോർട്ടത്തിൽ ഷോക്കേറ്റാണ് മരണമെന്ന് കണ്ടെത്തി. തുടർന്നാണ് അന്വേഷണം അയൽവാസിയായ കിരണിലേക്ക് എത്തുന്നത്. കൊലപാതകം നടത്തിയത് താൻ ആണെന്നും വീട്ടിൽ വച്ച് ജനലിൽ കമ്പി ചുറ്റി അതിലുടെ വൈദ്യുതി കടത്തിവിട്ടാണ് ദിനേശനെ കൊലപ്പെടുത്തിയതെന്നും കിരൺ പോലീസിനോട് സമ്മതിച്ചു.
തുടർന്ന് തൊട്ടടുത്ത ചതുപ്പിൽ ഉപക്ഷിക്കുകയായിരുന്നു. കിരണിന്റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി എന്നിവരെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചു എന്നാണ് പോലിസ് സംശയിക്കുന്നത്. പ്രതി കിരണിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. വീടുമായി അധികം ബന്ധമില്ലാതിരുന്ന ദിനേശൻ ലോഡ്ജിൽ ആണ് താമസിച്ചിരുന്നത്.
content highlight : alappuzha-murder-people-thought-that-he-is-drunkard-and-then-inform-police