Tech

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ വമ്പൻ ഓഫർ, ഡിസ്‌കൗണ്ട് 5 ലക്ഷം രൂപ വരെ; വൈറൽ പോസ്റ്റിന് പിന്നിൽ.. | swiggy-instamart-users-get-upto-rs-5-lakh

ഒടുവില്‍ സ്വിഗ്ഗി അധികൃതര്‍ നേരിട്ട് ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് കിട്ടിയ സാധാനങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് ആവശ്യപ്പെട്ടതായും റെഡ്ഡിറ്റിലെ പോസ്റ്റില്‍ അവകാശപ്പെടുന്നു

ന്യൂഡൽഹി: ഓണ്‍ലൈന്‍ ഗ്രോസ്സറി വിതരണ ആപ്പായ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക് 4000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ അപ്രതീക്ഷിത ഡിസ്കൗണ്ട് ലഭിച്ചതായി സ്ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. ആപ്പിലെ സാങ്കേതികപ്രശ്നം കാരണം അവിശ്വസനീയ ഓഫര്‍ കിട്ടിയ സന്തോഷത്തിന് സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് യൂസര്‍മാര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും, ഒടുവില്‍ സ്വിഗ്ഗി അധികൃതര്‍ നേരിട്ട് ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് കിട്ടിയ സാധാനങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് ആവശ്യപ്പെട്ടതായും റെഡ്ഡിറ്റിലെ പോസ്റ്റില്‍ അവകാശപ്പെടുന്നു. എന്നാല്‍ വൈറല്‍ റെഡ്ഡിറ്റ് പോസ്റ്റിലെ കാര്യങ്ങളൊന്നും സ്വിഗ്ഗി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിച്ചതായി ഒരാള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച സ്ക്രീന്‍ഷോട്ട് വലിയ ചര്‍ച്ചയാവുകയാണ്. ‘സ്വിഗ്ഗിയില്‍ ആരുടെയെങ്കിലും പണി പോകുമെന്നുറപ്പാണ്’ എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് ഹോം പേജിന്‍റെ സ്ക്രീന്‍ഷോട്ട് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 199 രൂപയ്ക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ 500,000 ലക്ഷം രൂപ ഫ്രീ ക്യാഷ് ലഭിക്കുമെന്ന് സ്ക്രീന്‍ഷോട്ടില്‍ കാണുന്നു. ‘ലോഗിന്‍ ചെയ്തപ്പോള്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ നാലായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് കണ്ടതോടെ ആളുകള്‍ സാധാനങ്ങള്‍ വാങ്ങിക്കൂട്ടി, പണി പാളിയതായി മനസിലായതോടെ ഉപയോക്താക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കണം എന്ന് സ്വിഗ്ഗി ആവശ്യപ്പെട്ടു’… എന്നിങ്ങനെ നീളുന്നു റെഡ്ഡിറ്റില്‍ പേര് വെളിപ്പെടുത്താത്ത യൂസര്‍ പങ്കുവെച്ച സ്ക്രീന്‍ഷോട്ടിലെ വിവരങ്ങള്‍.

വൈറല്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

റെഡ്ഡിറ്റില്‍ ഷെയര്‍ ചെയ്യപ്പെട്ട സ്ക്രീന്‍ഷോട്ട് വലിയ ശ്രദ്ധയാകര്‍ഷിച്ചു. പലര്‍ക്കും ഇത് അവിശ്വസനീയമായി തോന്നിയപ്പോള്‍ ഏറെപ്പേര്‍ക്ക് കൗതുകകരമാവുകയും ചെയ്തു. ഈ പണമെങ്ങനെ കയ്യില്‍ കിട്ടും എന്ന് ചോദിച്ചവരെയും കാണാം. ഇത് സ്വിഗ്ഗിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് പറയുന്നവരുമുണ്ട്. 40 രൂപ മുതല്‍ 100 രൂപ വരെയേ എനിക്കറിയാവുന്ന പലര്‍ക്കും ഡിസ്‌കൗണ്ട് ലഭിച്ചുള്ളൂ, ബാക്കി അവകാശവാദങ്ങളെല്ലാം തട്ടിപ്പാണ് എന്നായിരുന്നു റെഡ്ഡിറ്റിലെ സ്ക്രീന്‍ഷോട്ടിന്‍റെ ആധികാരികത ചോദ്യം ചെയ്ത് ഒരാളുടെ കമന്‍റ്. എന്താണ് സ്വിഗ്ഗിയിലെ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറിന്‍റെ യാഥാര്‍ഥ്യം എന്ന് തിരയുകയാണ് നെറ്റിസണ്‍സ്. സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന്‍റെ ഔദ്യോഗിക പ്രതികരണം വരുമെന്ന പ്രതീക്ഷയിലാണ് ആപ്പിലെ യൂസര്‍മാര്‍.

content highlight: swiggy-instamart-users-get-upto-rs-5-lakh

Latest News