India

മഹാകുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി; രാജ്യത്തിന്‍റെ ഐശ്വര്യത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചെന്ന് ദ്രൗപതി മുർമു | Mahakumbamela

ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യസംഗമത്തിൽ സ്നാനം ചെയ്യാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് രാഷ്ട്രപതി സമൂഹ മാധ്യമത്തിൽ കുറിച്ചു.

മഹാകുംഭ് നഗർ: രാജ്യത്തിന്‍റെ ഐശ്വര്യത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചെന്ന് മഹാ കുംഭമേളയിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു. ത്രിവേണി സംഗമത്തിലെ സ്നാനത്തിന് ശേഷം രാഷ്ട്രപതി കുറിച്ചതാണിത്.

ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യസംഗമത്തിൽ സ്നാനം ചെയ്യാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് രാഷ്ട്രപതി സമൂഹ മാധ്യമത്തിൽ കുറിച്ചു. വിശ്വാസത്തിന്‍റെയും ഭക്തിയുടെയും ഈ മഹത്തായ സമ്മേളനം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നു. മനുഷ്യരാശിക്ക് ഐക്യത്തിന്‍റെയും ആത്മീയതയുടെയും സന്ദേശം പകരുന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്ന ഗംഗാ മാതാവ് എല്ലാവരിലും അനുഗ്രഹങ്ങൾ ചൊരിയട്ടെന്നും രാഷ്ട്രപതി പറഞ്ഞു.

സമീപത്തെ ക്ഷേത്രത്തിൽ പൂജയിലും പങ്കെടുത്താണ് രാഷ്ട്രപതി മടങ്ങിയത്. കുടുംബത്തോടൊപ്പമാണ് രാഷ്ട്രപതി സ്നാനത്തിന് എത്തിയത്. ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതിക്കും കുടുംബത്തിനും ഉത്തർപ്രദേശിന്‍റെ ഉപഹാരങ്ങൾ സമ്മാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്നാനം നടത്തിയിരുന്നു. കുംഭമേളയിൽ പങ്കെടുക്കാനായത് അനു​ഗ്രഹമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രയാ​ഗ് രാജ് വിമാനത്താവളത്തിലെത്തിയ മോദി സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള ന​ഗരിയിലെത്തിയത്. തിരക്ക് ഒഴിവാക്കാൻ യോ​ഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ പ്രത്യേക വഴിയിലൂടെയാണ് സം​ഗം ഘാട്ടിലെത്തിയത്. കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര. ത്രിവേണി സംഗമത്തിലെ സ്നാനത്തിനായി ഇന്നും ലക്ഷക്കണക്കിന് തീർത്ഥാടകർ ഒഴുകിയെത്തി.

content highlight : president-draupadi-murmu-prays-for-nation-s-prosperity-and-peace-at-mahakumbh