നാഡികളുടെ പ്രവർത്തനത്തിനും രക്തത്തിന്റെ ആരോഗ്യത്തിനും എല്ലാം ആവശ്യമായ പോഷകമായ വൈറ്റമിൻ ബി12 ന്റെ അഭാവം പലപ്പോഴും ശ്രദ്ധിക്കാതെ പോകും. വൈറ്റമിൻ ബി12 ന്റെ അഭാവം ഉണ്ടെങ്കിൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അറിയാം.
വൈറ്റമിൻ ബി12 ന്റെ അഭാവം സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ് കൈകൾക്കും കാലുകൾക്കും അനുഭവപ്പെടുന്ന തരിപ്പ്. പിൻസ് ആൻഡ് നീഡിൽസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നാഡികളെ സംരക്ഷിക്കുന്ന ആവരണമായ മൈലിൻ ഷീത്തിന് വൈറ്റമിൻ ബി12 ആവശ്യമാണ്. ആവശ്യത്തിന് ബി12 ഇല്ലെങ്കിൽ നാഡികൾക്ക് ക്ഷതം സംഭവിക്കുകയും തരിപ്പ് പോലെ അസ്വാഭാവികമായ സംവേദനങ്ങ (sensations)ളിലേക്ക് നയിക്കുകയും ചെയ്യും.
കൈകളിലോ കാലുകളിലോ ഉണ്ടാകുന്ന മരവിപ്പ് വൈറ്റമിൻ ബി12 ന്റെ ലക്ഷണമാണ്. ബി12 ന്റെ അഭാവം മൂലം നാഡീകോശങ്ങൾക്ക് സന്ദേശങ്ങളെ ഫലപ്രദമായി പ്രേക്ഷണം ചെയ്യപ്പെടാൻ സാധിക്കാതെ വരുമ്പോഴാണ് ഈ ലക്ഷണം പ്രകടമാകുന്നത്. മരവിപ്പും ഒപ്പം തരിപ്പും അനുഭവപ്പെട്ടാൽ അത് അവഗണിക്കരുത്.
വൈറ്റമിൻ ബി12 ന്റെ അഭാവം മോട്ടോർനെർവുകളെ ബാധിക്കും. ഇത് കൈകളിലും കാലുകളിലും ഉള്ള പേശികളുടെ ബലക്ഷയത്തിനു കാരണമാകും. വസ്തുക്കൾ പിടിക്കുന്നതിനും നടക്കാനും പ്രയാസം അനുഭവപ്പെടും.
വൈറ്റമിൻ ബി12 ന്റെ അഭാവം ഉള്ളവരിൽ കൈകളിലോ കാലുകളിലോ പൊള്ളുന്നതു പോലെ അനുഭവപ്പെടാം. ബി 12 ന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാകുന്ന നാഡീക്ഷതം ആണ് ഇതിനു കാരണം.
കൈകാലുകൾക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ടോ? വൈറ്റമിന്‍ ബി 12ന്റെ അഭാവം മൂലമാകാം ഇത്. ആരോഗ്യമുള്ള അരുണ രക്തകോശങ്ങളുടെ ഉൽപാദനത്തിന് ബി12 കൂടിയേ തീരൂ. ഈ ചുവന്ന രക്തകോശങ്ങളാണ് ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്. വൈറ്റമിൻ ബി 12 ന്റെ അഭാവം വിളർച്ചയ്ക്കു കാരണമാകാം.
















