തിരുവനന്തപുരം: കിഫ്ബി പദ്ധതികളിൽ വരുമാനം കണ്ടെത്തുമെന്നത് പണ്ടേയുള്ള കാഴ്ചപ്പാടാണെന്നും സംസ്ഥാനത്തിന്റെ കടത്തിന്റെ പരിധിയിൽ കിഫ്ബി വായ്പകൾ കേന്ദ്രം ഉൾപ്പെടുത്തിയതിനാലാണ് ഇപ്പോൾ അതു നടപ്പാക്കുന്നതെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനായിരുന്നു കിഫ്ബി റോഡുകളിലെ ടോൾ സ്ഥിരീകരിക്കുന്ന തരത്തിൽ മന്ത്രിയുടെ മറുപടി.
ജനങ്ങൾക്കു ബാധ്യത വരുന്ന ഒന്നും ചെയ്യില്ലെന്ന് മുൻപ് തോമസ് ഐസക് പറഞ്ഞു. എന്നാൽ, ഇപ്പോൾ അതല്ല സാഹചര്യം. വരുമാനദായകമായ പദ്ധതികൾ ഇല്ലെങ്കിൽ മുന്നോട്ടു പോകാൻ കഴിയില്ല. അത്തരം പദ്ധതി വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട്. പണ്ട് കിഫ്ബിയെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചവർ ഇപ്പോൾ അതിനു പാലും ഹോർലിക്സും കൊടുത്തു രക്ഷപ്പെടുത്തണമെന്നു പറയുന്നതിൽ സന്തോഷമുണ്ട്. 87,521 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. 18,423 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. 33,088 കോടി രൂപ ചെലവിട്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായ കിഫ്ബിയുടെ വെന്റിലേറ്റർ എപ്പോഴാണ് ഊരേണ്ടതെന്ന് ബന്ധുക്കളോട് ഡോക്ടർമാർ ചോദിക്കേണ്ട അവസ്ഥയിലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 5 വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നു പറഞ്ഞിട്ട് 8 കൊല്ലം കൊണ്ട് തീർന്നത് 18,000 കോടിയുടേതു മാത്രം.
പെട്രോളിയം സെസും മോട്ടർ വാഹന നികുതിയും ഉപയോഗിച്ച് കിഫ്ബി നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കുന്നത് ട്രിപ്പിൾ ടാക്‌സേഷനാണ്. 2,150 കോടി രൂപ 9.72% പലിശയ്ക്ക് മസാല ബോണ്ടായി വാങ്ങി 6 % പലിശയ്ക്ക് ഇവിടെ ബാങ്കിൽ ഇട്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.