Kerala

സ്വകാര്യ മുതൽ നശിപ്പിക്കുന്ന ആക്രമണം നടത്തിയാൽ കേസുകളിൽ ജാമ്യത്തിന് നഷ്ടപരിഹാരമാകാം: ഹൈക്കോടതി

​കൊച്ചി: വീട് തകർക്കുന്നതുൾപ്പെടെ സ്വകാര്യ മുതൽ നശിപ്പിക്കുന്ന ആക്രമണം നടത്തിയാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നഷ്ടപരിഹാരം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്താമെന്ന് ഹൈക്കോടതി. വീട് കയറി ആക്രമണം, കടകളിലെ വസ്തുക്കൾ നശിപ്പിക്കൽ എന്നീ കേസുകളിലെ പ്രതികൾ നഷ്ടപരിഹാരവും കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

വീടുകയറി ഉൾപ്പെടെ ആക്രമണം നടത്തി നാശം വിതയ്ക്കുന്നതുപോലെയുള്ളവർക്കുള്ള ‘നിയമത്തിന്റെ കിഴുക്ക്’ എന്ന് ഈ വ്യവസ്ഥയെ വിളിക്കാമെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ ജാമ്യ വ്യവസ്ഥയിൽ ഈ നിബന്ധന ഉൾപ്പെടുത്തുന്നതു നിയമ നിർമാതാക്കൾ ഗൗരവമായി കണക്കിലെടുക്കണം. നഷ്ടമുണ്ടാക്കിയെന്നു കണ്ടു കോടതി ശിക്ഷിക്കുകയാണെങ്കിൽ ആക്രമണത്തിന് ഇരയായവർക്കു നഷ്ടപരിഹാരം നൽകാൻ തുക ഉപയോഗിക്കാം. ഇത്തരത്തിൽ വ്യവസ്ഥ വച്ചാൽ വീട്ടിലും മറ്റും അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കാലും മറ്റും കുറയ്ക്കാനാവുമെന്നും കോടതി പറഞ്ഞു.