തെൽ അവിവ്: വെടിനിർത്തൽ കരാർലംഘനം ഇസ്രായേൽ തുടരുന്ന സാഹചര്യം മുൻനിർത്തി ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്. ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. അതിനിടെ ഗസ്സ വിലകൊടുത്തു വാങ്ങി സ്വന്തമാക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
വെടിനിർത്തൽ കരാർ വ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്ന ഇസ്രായേൽ സമീപനം തിരുത്താതെ ഇനി ബന്ദിമോചനമില്ലെന്ന് ഹമാസ്. ആദ്യഘട്ട വെടിനിർത്തൽ ഭാഗമായി അഞ്ചാം ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും നടന്നെങ്കിലും ഇരുപക്ഷവും രൂപപ്പെടുത്തിയ വ്യവസ്ഥകൾ നഗ്നമായി ലംഘിക്കാനാണ് ഇസ്രായേൽ നീക്കമെന്ന് ഹമാസ് കുറ്റപ്പെടുത്തി. തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗസ്സയിലെ ആശുപത്രികൾക്കും മറ്റും വേണ്ട അടിയന്തര സഹായം തടയുക, വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികൾക്കു നേരെ ആക്രമണം നടത്തുക, രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്ക് വിഘാതം സൃഷ്ടിക്കുക എന്നിവ കരാർ ലംഘനമാണെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവെച്ചതായും അബൂ ഉബൈദ അറിയിച്ചു. ഹമാസ് പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേൽ സൈനിക, രാഷ്ട്രീയ നേതൃത്വം തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. ശനിയാഴ്ച കരാർ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. സൈന്യത്തോട് ജാഗ്രതയോടെ നിലയുറപ്പിക്കാൻ നിർദേശിച്ച ഇസ്രായേൽ നേതൃത്വം, ഇന്ന് സുരക്ഷാ മന്ത്രിസഭയുടെഅടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹു സർക്കാറിനെതിരെ ബന്ധുക്കൾ തെൽ അവീവിൽ റാലി നടത്തി. അതിനടെ, വിവാദ പ്രസ്താവന കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തു വന്നു. ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധമാണെന്നും ഫലസ്തീനികൾക്ക് ഗസ്സയിലേക്ക് തിരിച്ചു വരാൻ അവകാശം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. പ്രസ്താവന ആപത്ക്കരമെന്ന് ഹമാസ് പ്രതികരിച്ചു.
















