Sports

ഏകദിന അരങ്ങേറ്റത്തില്‍ 150 റണ്‍സ് റെക്കോർഡ് നേട്ടം! ദക്ഷിണാഫ്രിക്കന്‍ താരം മാത്യു ബ്രീറ്റ്‌സ്‌കെ നിസാരക്കാരനല്ല!..| Mathew Beatske

ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് ബ്രീറ്റ്‌സ്‌കെയുടെ റെക്കോര്‍ഡ് പ്രകടനം

ലാഹോര്‍: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ 150 റണ്‍സ് നേടി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ മാത്യു ബ്രീറ്റ്‌സ്‌കെ. ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് ബ്രീറ്റ്‌സ്‌കെയുടെ റെക്കോര്‍ഡ് പ്രകടനം.

ലാഹോര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രീറ്റ്‌സ്‌കെയുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്. 148 പന്തില്‍ അഞ്ചു സിക്‌സിന്റെയും 11 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് ബ്രീറ്റ്‌സ്‌കെ 150 റണ്‍സ് എടുത്തത്. വിയാന്‍ മള്‍ഡര്‍ (64), ജേസണ്‍ സ്മിത്ത് (41) എന്നിവര്‍ ബ്രീറ്റ്‌സ്‌കെയ്ക്ക് മികച്ച പിന്തുണ നല്‍കി.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡെസ്മണ്ട് ഹെയ്ന്‍സിന്റെ റെക്കോഡാണ് താരം തകര്‍ത്തത്. 1978ല്‍ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റ മത്സരത്തില്‍ താരം 148 റണ്‍സ് ആണ് എടുത്തത്. അരങ്ങേറ്റത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് പതിറ്റാണ്ടുകളായി ഹെയ്ന്‍സിന്റെ പേരിലായിരുന്നു. കോളിന്‍ ഇന്‍ഗ്രാം, ബവുമ, റീസ ഹെന്‍ഡ്രിക്‌സ് എന്നിവര്‍ക്ക് ശേഷം അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ കൂടിയാണ് ബ്രീറ്റ്‌സ്‌കെ.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സുള്ളപ്പോള്‍ തെംബ ബവുമ (20) പുറത്തായി. പിന്നാലെ ബ്രീറ്റ്‌സ്‌കെ – സ്മിത്ത് സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മിത്ത് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് ബ്രീറ്റ്‌സ്‌കെ – മള്‍ഡര്‍ സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. 46-ാം ഓവറിലാണ് ബ്രീറ്റ്‌സ്‌കെ മടങ്ങിയത്.

content highlight:  Mathew Beatske