എന്‍ട്രി ലെവല്‍ ഇവി പുറത്തിറക്കുന്നതിന് മുന്നോടിയായി വിശദാംശങ്ങള്‍ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ മോഡല്‍ യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ജർമന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിക്കായി ഐഎംപി പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നുണ്ട്. 2027ലാണ് ഫോക്‌സ്‌വാഗണ്‍ അവരുടെ എന്‍ട്രി ലെവല്‍ ഇവി പുറത്തിറങ്ങുക. റഫ് ലുക്കില്‍ ക്രോസ് ഓവര്‍ ഡിസൈനാവും ഫോക്‌സ്‌വാഗണ്‍ എന്‍ട്രി ലെവല്‍ വൈദ്യുത കാറിന്. 20000 യൂറോയിലാണ് (ഏകദേശം 18 ലക്ഷം രൂപ) പുതിയ ഇ കാറിന്റെ വില ആരംഭിക്കുക എന്നാണ് വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് ഫോക്സ്‌വാഗൻ സിഇഒ അറിയിച്ചത്.
ഫോക്‌സ്‌വാഗണ്‍ ഐഡി.2ഓള്‍ ഹാച്ച് ബാക്കിന് താഴെയായാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ഇവിയുടെ സ്ഥാനം. ഐഡി.വണ്‍ എന്നായിരിക്കും ഫോക്‌സ്‌വാഗണ്‍ ഇവിയുടെ പേര്. 5 ഡോര്‍ മോഡലായിരിക്കും ഈ വൈദ്യുത കാര്‍. ബോഡി ക്ലാഡിങും ഉയര്‍ന്ന മുന്‍ഭാഗവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ഈ മോഡലിന് കൂടുതല്‍ റഫ് ലുക്ക് നല്‍കും. 2027ല്‍ പുറത്തിറങ്ങുന്ന ഒമ്പത് ഫോക്‌സ്‌വാഗണ്‍ വൈദ്യുത മോഡലുകളില്‍ ഒന്നായിരിക്കും ഈ മോഡലും. വൈദ്യുത വിപണിയിലേക്ക് കൂടുതല്‍ മാറാനുള്ള കമ്പനിയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണിത്.
ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ട ടീസറില്‍ മോഡലിന്റെ ചതുരാകൃതിയിലുള്ള ഹെഡ്‌ലാംപുകളും ഗ്രില്ലിലേക്കു ചേരുന്ന ത്രീ ഡി എല്‍ഇഡി ഗ്രാഫിക്‌സും ഫോക്‌സ്‌വാഗണ്‍ ലോഗോയും മെലിഞ്ഞ കുത്തനെയുള്ള ഡിആര്‍എല്ലുകളും കാണാനാവും. ഐഡി.ഇ ഓള്‍ ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്ന എംഇബി പ്ലാറ്റ്‌ഫോമാണ് ഫോക്‌സ്‌വാഗണ്‍ ഇവിയിലും ഉപയോഗിക്കുക. എങ്കിലും ഇലക്ട്രിക്കല്‍ മോഡലില്‍ കൂടുതല്‍ ചെറിയ പ്ലാറ്റ്‌ഫോമാവും ഉണ്ടാവുക. സിംഗിള്‍ മോട്ടോര്‍ സെറ്റ് അപ്പ് പ്രതീക്ഷിക്കാം.
‘യൂറോപില്‍ നിന്നും യൂറോപിനു വേണ്ടി കുറഞ്ഞ വിലയില്‍ കൂടിയ ഗുണമേന്മയില്‍ ഒരു വൈദ്യുത കാര്‍ ‘ എന്നാണ് ഫോക്‌സ്‌വാഗണ്‍ സിഇഒ തോമസ് ഷാഫര്‍ പുതിയ കാറിനെ വിശേഷിപ്പിച്ചത്. ഐഡി.2ഓള്‍, ഐഡി.2എക്‌സ് എന്നീ ഫോക്‌സ്‌വാഗണ്‍ മോഡലുകള്‍ സ്‌പെയിനിലാണ് നിര്‍മിക്കുന്നത്. എന്നാല്‍ എന്‍ട്രി ലെവല്‍ വൈദ്യുത കാര്‍ എവിടെ നിര്‍മിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല.
ഇന്ത്യയിലേക്ക് എപ്പോഴാണ് ഫോക്‌സ്‌വാഗണ്‍ അവരുടെ എന്‍ട്രി ലെവല്‍ വൈദ്യുത കാര്‍ എത്തിക്കുകയെന്ന് അറിയിച്ചിട്ടില്ല. സിഎംപി(ചൈന മെയിന്‍ പ്ലാറ്റ്‌ഫോം) ആര്‍ക്കിടെക്ച്ചര്‍ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ശ്രമിക്കുന്നത്. ഇന്ത്യ മെയിന്‍ പ്ലാറ്റ്‌ഫോം അഥവാ ഐഎംപി എന്നാണ് ഇന്ത്യക്കു വേണ്ടിയുള്ള വാഹന നിര്‍മാണ പ്ലാറ്റ്‌ഫോമിന് പേരിട്ടിരിക്കുന്നത്.
വൈദ്യുത കാര്‍ വിപണിയില്‍ ഇതിനകം തന്നെ ഫോക്‌സ്‌വാഗണ്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2019ല്‍ ഐഡി പുറത്തിറക്കാണ് വൈദ്യുത കാര്‍ വിപണിയിലേക്ക് ഫോക്‌സ്‌വാഗണ്‍ കാലെടുത്തുവെച്ചത്. ഇന്നുവരെ 13.5 ലക്ഷത്തിലേറെ ഐഡികള്‍ ലോകമാകെ വിറ്റിട്ടുണ്ട്. ഇതില്‍ അഞ്ചു ലക്ഷം ഐഡി.3 മോഡലാണ്. കഴിഞ്ഞ വര്‍ഷം മാത്രം 3,83,100 വൈദ്യുത കാറുകള്‍ വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ് കഴിഞ്ഞിരുന്നു.
content huighlight: Volkswagen’s entry-level EV