Kerala

കയർ ബോർഡിലെ തൊഴിൽ പീഡനം; ജോളിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എംഎസ്എംഇ മന്ത്രാലയം | msme ministry orders inquiry into jollys death

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം

കൊച്ചി: കൊച്ചി കയർ ബോർഡിലെ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് എംഎസ്എംഇ. അന്വേഷണത്തിന് മൂന്ന് അംഗ കമ്മിറ്റിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ജോളി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.