Automobile

ഹോണ്ടയുടെ പുതിയ സിബിആര്‍650ആര്‍, സിബി650ആര്‍ വിപണിയിലേക്ക്; വില ഇങ്ങനെ…| Honda CBR 650 R

സിബി650ആറിന് 9.20 ലക്ഷം രൂപയും സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്

കഴിഞ്ഞ മാസം പുറത്തിറക്കിയ സിബിആര്‍650ആര്‍, സിബി650ആര്‍ എന്നീ മോട്ടോര്‍ സൈക്കിളുകളുടെ ബുക്കിങ് ആരംഭിച്ച് ഹോണ്ട. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ രണ്ടു മോട്ടോര്‍ സൈക്കിളുകളും ബുക്കു ചെയ്യാനാവും. സിബി650ആറിന് 9.20 ലക്ഷം രൂപയും സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. രണ്ടു മോഡലുകളും 2025ല്‍ പുതിയ ഫീച്ചറുകളോടെയാണ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.

ഹോണ്ട സിബി650ആര്‍

ശ്രദ്ധിച്ചു പരിശോധിച്ചാല്‍ മാത്രം മനസിലാവുന്ന മാറ്റങ്ങളോടെയാണ് പുതിയ സിബി650ആറിന്റെ വരവ്. അപ്പോഴും കാവസാക്കി Z650, ട്രയംഫ് ട്രൈഡെന്റ് 660 എന്നീ എതിരാളികളോട് കൂടുതല്‍ മികച്ച രീതിയില്‍ ഏറ്റുമുട്ടാനുള്ള അവസരം സിബി650ആറിന് ഇതുവഴി ലഭിക്കുന്നുമുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാര്‍, കൂടുതല്‍ അഗ്രസീവ് ലുക്ക് നല്‍കുന്ന പന്‍ഭാഗം എന്നിവയാണ് സിബി650ആറിന്റെ റെട്രോ ഡിസൈനിലെ സവിശേഷതകള്‍. സ്റ്റീല്‍ ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ ഒരുക്കിയിരിക്കുന്നത്.

ഷോവ എസ്എഫ്എഫ് യുഎസ്ഡി ഫോര്‍ക്ക് അപ് ഫ്രണ്ട്, പിന്നില്‍ 10 സ്റ്റെപ് പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് എന്നിവയും നല്‍കിയിരിക്കുന്നു. 17 ഇഞ്ച് വീലുകളില്‍ പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കും മുന്നില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസുമാണ് ബ്രേക്കിന്റെ സുരക്ഷ. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ഫോണ്‍ കണക്ടിവിറ്റിയുമുണ്ട്. എന്‍ജിനില്‍ മാറ്റമില്ല. 642സിസി, ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 94ബിഎച്ച്പി കരുത്തും 63 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ്.

സിബിആര്‍650ആര്‍

കൂടുതല്‍ ഷാര്‍പായ ഡിസൈനാണ് 2025ല്‍ ഹോണ്ട സിബിആര്‍650ആറിന് നല്‍കിയിരിക്കുന്നത്. ട്വിന്‍ ഹെഡ്‌ലൈറ്റുകളും ടെയില്‍ എന്‍ഡും കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. സ്റ്റീല്‍ ഫ്രെയിം തന്നെയാണ് സിബിആര്‍650ആറിലും. മുന്നില്‍ ഷോവ എസ്എഫ്എഫ്-ബിപി യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കും. 17 ഇഞ്ച് വീലുകളില്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍. അഞ്ച് ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് ബ്ലൂടൂത്ത് കണക്ടിവിറ്റിയുമുണ്ട്. എബിഎസ്, ഹോണ്ട സെലക്ടബിള്‍ ട്രോക്ഷന്‍ കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളുമുണ്ട്.

649സിസി ഇന്‍ലൈന്‍ ഫോര്‍സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. 94ബിഎച്ച്പി കരുത്തും പരമാവധി 63എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ ബോക്‌സ്. ട്രയംഫ് ഡേടോണ 660, സുസുക്കി ജിഎസ്എക്‌സ്-8ആര്‍ എന്നിവയുമായാണ് വിപണിയിലെ പ്രധാന മത്സരം. വില 9.99 ലക്ഷം രൂപ മുതല്‍.