അമ്പലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുന്നപ്ര വാടക്കൽ സ്വദേശി കിരൺ ആണ് അയൽവാസി കൂടിയായ ദിനേശനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം കളർകോട് ജഗ്‌ഷന് സമീപം പാടശേഖരത്തിൽ കണ്ടെത്തുന്നത്. ഇരുമ്പുതകിടില്‍ വൈദ്യുതി കടത്തിവിട്ട് ആയിരുന്നു ദിനേശനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയത്.
രാത്രിവൈകി തന്റെ വീട്ടില്‍നിന്ന് ദിനേശന്‍ പുറത്തിറങ്ങുന്നതു കണ്ടാണ് കിരണ്‍ നേരത്തേ തയ്യാറാക്കിയ കെണിയുടെ സ്വിച്ചിട്ടത്. ഷോക്കേറ്റു നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കാന്‍ കൈകളില്‍ വീണ്ടും ഷോക്കടിപ്പിച്ചു. കിരണും അച്ഛന്‍ കുഞ്ഞുമോനും ചേര്‍ന്നാണ് മൃതദേഹം പറമ്പില്‍ കൊണ്ടിട്ടത്. അമ്മ അശ്വമ്മ തെളിവു നശിപ്പിക്കുന്നതിനും കൂട്ടുനിന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മരപ്പണിക്കാരനാണ് ദിനേശന്‍. വീട്ടില്‍നിന്ന് അകന്നുകഴിയുന്ന ഇയാള്‍ വാടയ്ക്കലിലെ ലോഡ്ജിലാണു താമസം. വെള്ളിയാഴ്ച രാത്രി 10.05-ന് ദിനേശന്‍ ലോഡ്ജില്‍നിന്നിറങ്ങുന്ന സി.സി.ടി.വി. ദൃശ്യം പോലീസിനു ലഭിച്ചു. പിന്നീട്, കുഞ്ഞുമോന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് കിരണും കുഞ്ഞുമോനും നേരത്തേ ഒരുക്കിവെച്ച വൈദ്യുതിക്കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയത്.
തരിശും വെള്ളക്കെട്ടുമുള്ള ഇവിടെ മഴക്കാലത്ത് മീന്‍പിടിക്കാന്‍ കിരണ്‍ വൈദ്യുതിക്കെണി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രീഷ്യനെന്ന നിലയില്‍ കിരണിന്റെ കഴിവും കൊലപാതകം എളുപ്പമാക്കി.
വെള്ളിയാഴ്ച രാത്രി വൈകിയാണ് മൃതദേഹം ദിനേശന്റെ വീടിനടുത്തുള്ള പറമ്പില്‍ കൊണ്ടിട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ഇതു കണ്ടവര്‍ പോലീസിനെ അറിയിച്ചത്. ദിനേശന്‍ മദ്യലഹരിയില്‍ കിടക്കുകയാണെന്നാണ് ആളുകള്‍ ആദ്യം കരുതിയത്. പ്രതികളെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പോലീസിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഇവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി.
കൊലപാതകത്തിന് ശേഷവും പ്രതി കിരൺ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുമെല്ലം മുന്നിലുണ്ടായിരുന്നു. സംഭവത്തിൽ കിരണിനെ ഇന്നലെ പുന്നപ്രയിലെ വീട്ടിൽ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.