World

അമേരിക്കൻ മോഡൽ പിൻതുടരാൻ യുകെ ഗവണ്‍മെന്‍റും; അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടി, പരിശോധനയിൽ ലക്ഷ്യമിട്ടത് ഇന്ത്യൻ റസ്റ്ററന്‍റുകളെ | uk government started massive raid

അനധികൃതമായി ജോലിക്കെത്തുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്

ലണ്ടന്‍: അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി യുകെ ഗവണ്‍മെന്‍റ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇവിടെയും പലതും നടക്കുന്നത്. അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്‍റ് രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി. ഇന്ത്യൻ റസ്റ്ററന്‍റുകൾ, നേൽ ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, കാർ വാഷുകൾ എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തിയത്.

രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ മാനിക്കുകയും പാലിക്കപ്പെടുകയും വേണം. നിരവധിയാളുകള്‍ അനധികൃതമായി കുടിയേറുകയും നിയമ വിരുദ്ധമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ അനധികൃതമായി ജോലിക്കെത്തുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ബ്രീട്ടീഷ് ആഭ്യന്തര സെക്രട്ടറി യുവേറ്റ് കൂപ്പര്‍ പറഞ്ഞു. കൂപ്പറിന്‍റെ മേല്‍നോട്ടത്തിലാണ് റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍.

ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയതോടെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. ഇതുവരെ 19,000 ത്തോളം അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കുടിയേറ്റക്കാരായ 2,580 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഇതോടെ സുരക്ഷയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവുണ്ടായതായി യുകെയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ ബംഗാളി ഭാഷയില്‍ സ്ഥാപിച്ചിരിക്കുന്ന സൈന്‍ബോര്‍ഡ് നീക്കം ചെയ്യണമെന്ന ബ്രിട്ടീഷ് എംപി യുടെ ട്വീറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗ്രേറ്റ് യാർമൗത്ത് എംപിയാണ്‌ തന്‍റെ ഔദ്യോഗിക എക്‌സ്‌ അക്കൗണ്ടിൽ വൈറ്റ്ചാപ്പൽ സ്റ്റേഷനിലെ ബംഗാളി ഭാഷയിലുള്ള സൈൻബോർഡിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത്‌ ഇത്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടത്‌. ‘ഇത്‌ ലണ്ടനാണ്‌, ഇവിടെ സ്‌റ്റേഷന്‍റെ പേര്‌ ഇംഗ്ലീഷിൽ മതി, ഇംഗ്ലീഷിൽ മാത്രം’ എന്ന കുറിപ്പോടെയാണ്‌ അദ്ദേഹം ചിത്രം പങ്കുവെച്ചത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും പ്രതിരോധങ്ങളും യുകെയില്‍ ശക്തമാവുകയാണ്.