യാത്രകള്‍ എപ്പോഴും മനോഹരമാകുന്നത് കണ്ണുകള്‍ക്കൊപ്പം മനസിനും ഏറെ സന്തോഷം ലഭിക്കുമ്പോഴാണ്. മലയും കുന്നും കാടും മഞ്ഞുമെല്ലാം ആസ്വദിച്ചുള്ള യാത്ര അത്തരത്തില്‍ മനസ് നിറയ്‌ക്കും. ഇതെല്ലാം ആസ്വദിക്കണമെങ്കില്‍ കേരളത്തില്‍ വളരെ കാലം മുമ്പ് മുതല്‍ തന്നെ ഇടുക്കിയും മൂന്നാറുമായിരുന്നു ജനങ്ങളെല്ലാം തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അത്തരത്തിലുള്ള സ്‌പോട്ടുകള്‍ വേറെയും ഉണ്ട് നിരവധി.
യാത്രയിലുടനീളം മനോഹര കാഴ്‌ചകള്‍. വഴിനീളെ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന തേയില കാടുകള്‍. കൊളുന്ത് നുള്ളി കുട്ടയിലിട്ട് വരിവരിയായി നടന്ന് നീങ്ങുന്ന തൊഴിലാളികള്‍. നുള്ളിയെടുത്ത് ചാക്കുകളിലാക്കിയ കെളുന്തുകളുമായി തേയില ഫാക്‌ടറികള്‍ ലക്ഷ്യമിട്ട് കുതിക്കുന്ന വാഹനങ്ങള്‍… തുടങ്ങിയ മനോഹര കാഴ്‌ചകളുള്ള ഒരിടം. അത് മറ്റൊവിടെയും അല്ല കോയമ്പത്തൂരിലെ പ്രകൃതി സുന്ദരമായി വാല്‍പ്പാറ.
വാല്‍പ്പാറ കോയമ്പത്തൂരോ അത് അങ്ങ് അകലെയല്ലെയെന്ന് ചിന്തിക്കേണ്ടതില്ല… ഇവിടെയെത്താന്‍ തൃശൂരിലെ അതിരിപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം കണ്ടാസ്വദിച്ച് നേരെ വിട്ടാല്‍ മതി. കാട്ടിലൂടെയുള്ള യാത്രയായത് കൊണ്ട് ഒട്ടും മടുപ്പ് തോന്നുകയില്ലെന്ന് മാത്രമല്ല വഴിനീളെ ഒരോ വ്യത്യസ്‌ത കാഴ്‌ചകളും കാണാം.
വഴിമധ്യേയുള്ള തുമ്പൂര്‍മുഴി ഡാമും ഏറെ മനോഹരം തന്നെ. ഡാമും അവിടുത്തെ തൂക്കുപാലത്തിലേറിയുള്ള യാത്രയുമെല്ലാം ഒരു പുത്തന്‍ അനുഭവമാണ് സമ്മാനിക്കുക. തൂക്കുപാലം കടന്ന് അപ്പുറത്തുള്ള ഏഴാറ്റുമുഖത്തേക്കും പോകാം. തുടര്‍ന്നുള്ള യാത്രയില്‍ പെരിങ്ങല്‍കുത്ത് ജലാശയം, ഷോളയാര്‍ ഡാം ക്യാച്‌മെന്‍റ് ഏരിയയുടെ മനോഹര കാഴ്‌ച, തോട്ടപ്പുര വ്യൂപോയിന്‍റ് എന്നിവയും ആസ്വദിക്കാം.
മലക്കാപ്പാറയിലെത്തിയാല്‍ പിന്നെ വിസ്‌മയ കാഴ്‌ചകള്‍ ആവോളം ആസ്വദിക്കാം. യാത്രക്കിടെ വന്യമൃഗങ്ങളെയും കാണാനാകും. വേഴാമ്പലുകളുടെ ശബ്‌ദവും യാത്രക്കിടയില്‍ പലതവണ കേള്‍ക്കാം. ഏറെ ദൂരത്തേക്ക് മുഴങ്ങി കേള്‍ക്കുന്ന ശബ്‌ദമായിരിക്കും വേഴാമ്പലിന്‍റേത്. വേഴാമ്പലിനെ മാത്രമല്ല സിംഹവാലന്‍ കുരങ്ങിനെയും വരയാടുകളെയും കാണാം.
കാട്ടിലൂടെയുള്ള യാത്ര ഏറെ കരുതി വേണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. റോഡിന് ഇരുവശത്തും മുളങ്കാടുകളുണ്ട്. അവയ്‌ക്കിടയിലാണ് പലപ്പോഴും കാട്ടാന അടക്കമുള്ള മൃഗങ്ങള്‍ നിലയുറപ്പിക്കുക. ഓരോ വളവുകള്‍ തിരിയുമ്പോഴും അവയെയെല്ലാം പ്രതീക്ഷിച്ച് വേണം മുന്നോട്ട് നീങ്ങാന്‍.