പത്തനംതിട്ട: യുവതിക്ക് വാടകവീട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കോയിപ്പുറത്ത് ഷാജി എന്നു വിളിക്കുന്ന സാം മോനി സാമുവൽ (50) ആണ് പിടിയിലായത്. നിരന്തരം പീഡനത്തിന് വിധേയയാക്കിയെന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കോന്നി പൊലീസിന്റെ നടപടി.
ഇയാള്‍ ടൗണിലുള്ള സ്വന്തം വീട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. 2022 നവംബറിൽ ആയിരുന്നു സംഭവം. പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോയി. പിന്നീട് നാട്ടിലെത്തിയശേഷം ഉപദ്രവം തുടര്‍ന്നു.
2023 മാർച്ചില്‍ തുടങ്ങി, 2024 വരെ ഒട്ടേറെ തവണ പീഡിപ്പിച്ചു. ആദ്യം പീഡിപ്പിച്ച സമയമെടുത്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു ഉപദ്രവം. തുടര്‍ന്ന് യുവതി കോന്നിയിലെ ജോലി ഉപേക്ഷിച്ചു. അതോടെ സോഷ്യല്‍ മീഡിയയിലൂടെയായി ഉപദ്രവം. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച പ്രതി, അവ യുവതിക്ക് വാട്സാപ് വഴി അയയ്ക്കുകയും, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണിൽ നഗ്നനായി വിഡിയോ കോൾ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ശല്യം സഹിക്ക വയ്യാതെ യുവതി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപേക്ഷിച്ചു.
പിന്നാലെ പ്രതി കത്തുകള്‍ അയച്ച് ശല്യപ്പെടുത്തി. പുതിയ ജോലി സ്ഥലത്തും വീട്ടിലുമെത്തി ശല്യപ്പെടുത്തി. കയ്യിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് പലവട്ടം ഉപദ്രവിച്ചത്. മാനസികമായി തകര്‍ന്നതോടെയാണ് യുവതി കോന്നി പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ യാത്രാമധ്യേ കൊട്ടാരക്കരയിൽ വച്ചാണ് പൊലീസ് സംഘം പിടികൂടിയത്.