ന്യുഡല്‍ഹി: എക്കാലത്തെയും മികച്ച് ക്രിക്കറ്റ് കളിക്കാരന്‍ ജാക് കാലിസ് ആണെന്ന റിക്കി പോണ്ടിങിനെ വാദത്തെ തള്ളി ഓസിസ് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ബാറ്റിങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച വച്ച കാലിസ് ആണ് ലോകത്തോര ക്രിക്കറ്റ് താരമെന്നായിരുന്നു പോണ്ടിങിന്റെ അഭിപ്രായം. എന്നാല്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല മികച്ച കളിക്കാരനെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ഗില്‍ക്രിസ്റ്റിന്റെ പക്ഷം. ലോകത്തിലെ ഒന്നാം നമ്പര്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ ആണെന്ന കാര്യത്തില്‍ ഗില്‍ ക്രിസ്റ്റിന് മറ്റൊരഭിപ്രായമില്ല.
റണ്‍സ്, ക്യാച്ച്, വിക്കറ്റുകള്‍ എന്നീ കണക്കുകള്‍ നോക്കിയാണ് പോണ്ടിങിന്റെ വിലയിരുത്തലെന്ന് ഗില്‍ ക്രിസ്റ്റ് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ഷെയ്ന്‍ വോണ്‍ ആണ്.
ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് കാലിസ്, താന്‍ അതിനെ കുറച്ചുകാണുന്നില്ല. ടെസ്റ്റില്‍ 13,289 റണ്‍സ്, 45 സെഞ്ച്വറികള്‍, 292 വിക്കറ്റുകള്‍ എന്നിവ മികച്ച നേട്ടങ്ങളാണ്. എന്നാല്‍ ബൗളര്‍ എന്ന നിലയിലും തന്ത്രജ്ഞന്‍ എന്ന നിലയിലും വോണിന്റെ സ്വാധീനം കളിയില്‍ പകരംവയ്ക്കാനവാത്തതാണെന്ന് ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.
ബൗളിങിനപ്പുറം മികച്ച ബാറ്റ്‌സ്മാന്‍ കൂടിയിയായിരുന്നു വോണ്‍. ബാറ്റിങ്, ബൗളിങ്, ക്യാച്ച്, തന്ത്രപരമായ മികവ് എല്ലാ ഒത്തുനോക്കുമ്പോള്‍ വോണ്‍ ആണ് ഒന്നാം നമ്പര്‍ എന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും ഗില്‍ ക്രിസ്റ്റ് പറഞ്ഞു.
ജാക്വിസ് കാലിസാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമെന്നാണ് പോണ്ടിങിന്റെ അഭിപ്രായം. ‘മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് എനിക്ക് പ്രശ്‌നമല്ല, 13000ത്തില്‍ അധികം റണ്‍സും 44-45 സെഞ്ചുറികളും 300ല്‍ അധികം വിക്കറ്റുകളും നേടിയ മറ്റൊരു താരമുണ്ടോ?. 300 ടെസ്റ്റ് വിക്കറ്റുകളോ 45 ടെസ്റ്റ് സെഞ്ചുറികളോ മാത്രമായി നേടിയ താരങ്ങളുണ്ടായിരിക്കും. എന്നാല്‍ ഇത് രണ്ടും നേടിയ ഒരേയൊരു താരമേയുള്ളു, അത് കാലിസാണ്.
ക്രിക്കറ്ററാകാന്‍ ജനിച്ചയാളാണ് കാലിസ്. ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ക്യാച്ചിംഗ് മികവുകൊണ്ടും കാലിസ് മികവ് കാട്ടി. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്റെ മികവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒതുങ്ങികൂടുന്ന കാലിസിന്റെ വ്യക്തിത്വം കൊണ്ട് അദ്ദേഹം മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും എളുപ്പത്തില്‍ എല്ലാവരും മറന്നുകളഞ്ഞു’ പോണ്ടിങ് പറഞ്ഞു.
content highlight: Best cricketer