കൽപറ്റ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാൾ കൊല്ലപ്പെട്ടതോടെ പ്രതിഷേധം ശക്തമാണ്. കാപ്പാട് സ്വദേശി മാനു(45)വാണ് ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മാനുവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആറ് മണിയായപ്പോള്‍ പണി കഴിഞ്ഞ് കയറി വന്നതായിരുന്നു മാനു. ഒരു ദിവസവും വരാത്ത ആളാണ് ഇന്നലെ വന്നത്. ആന വന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ ആന അയാളെ തട്ടി. മൂന്ന് ആന ഉണ്ടായിരുന്നു. രണ്ടെണ്ണം വെള്ളം കുടിച്ച് കാട്ടിലേക്ക് കയറിപ്പോയി. പിന്നെ ഒരാന ഇതുവഴി വന്നു. അപ്പോഴാണ് ഇയാളെ തട്ടിയത്. ശബ്ദം കേട്ട് ഞാൻ വന്ന് നോക്കി. എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. ഇവിടെ മിക്കപ്പോഴും ഒറ്റയ്ക്കായും കൂട്ടമായും ആന വരും. വേലിയൊന്നുമില്ല എന്നും നാട്ടുകാർ പറഞ്ഞു.
മാനുവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഭാര്യയുടെ ഷാൾ കിട്ടിയിരുന്നു. ഭാര്യയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഭാര്യ സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു. മാനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുക. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
കാട്ടാന ആക്രമണത്തിനെതിരെ നൂല്‍പുഴയില്‍ ജനകീയ പ്രതിഷേധവും ശക്തമായി. ഇവിടെ കാടും നാടും വേര്‍തിരിച്ച് ഫെന്‍സിങ് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം . ഈ ഭാഗത്ത് ജീവിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച് കലക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കേരള തമിഴ്നാട് അതിര്‍ത്തിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.