ചായയും കാപ്പിയുമൊക്കെ ചൂടാറാതെ സൂക്ഷിക്കുന്നതിന് മിക്കവീടുകളിലും ഒരു ഫ്ലാസ്ക് ഉണ്ടാകും. എന്നാൽ ദീർഘകാലത്തെ ഉപയോഗം ഫ്ലാസ്ക്കുകൾക്കുള്ളിൽ ദുർഗന്ധമുണ്ടാവാൻ കാരണമായേക്കും. ഡിഷ് വാഷും സോപ്പുലായനിയും മറ്റും ഉപയോഗിച്ച പലവട്ടം കഴുകിയിട്ടും മാറ്റമില്ലെന്ന് കണ്ടാൽ പിന്നെ ഫ്ലാസ്ക് മാറ്റുകയല്ലെതെ മറ്റൊരു വഴിയില്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചു കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകും.
1. ബേക്കിങ് സോഡ
ഫ്ലാസ്കിൽ അൽപം ചൂടുവെള്ളം എടുത്ത് അതിലേക്ക് കുറച്ച് ബേക്കിങ് സോഡ ചേർക്കുക. ഫ്ലാസ്ക് അടച്ച ശേഷം നന്നായി കുലുക്കണം. പിന്നീട് ഒരു 15 മുതൽ 20 മിനിറ്റ് അതേ നിലയിൽ തന്നെ ഫ്ലാസ്കിൽ തുടരാൻ അനുവദിക്കുക. അതിനുശേഷം ഈ വെള്ളം ഊറ്റി കളഞ്ഞു ചെറുചൂടുവെള്ളത്തിൽ കഴുകിയെടുക്കാം. ഇത് ഫ്ലാസ്കിനുള്ളിലെ ദുർഗന്ധം മാറാനും അകം ഫ്രഷ് ആയി ഇരിക്കാനും സഹായിക്കും.
2 നനവ് നീക്കം ചെയ്യുക
ഉപയോഗ ശേഷം പലരും ഫ്ലാസ്ക് കഴുകി അടച്ചു സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ഫ്ലാസ്ക്കിനുള്ളിലെ നനവ് പൂർണമായി മാറുന്നതിന് മുൻപാണ് ഇത്തരത്തിൽ അടച്ചുവയ്ക്കുന്നതെങ്കിൽ പിന്നീട് തുറക്കുമ്പോൾ ദുർഗന്ധം ഉണ്ടാകും. അതുകൊണ്ട് അടച്ചുവയ്ക്കും മുൻപ് ഫ്ലാസ്കിലെ നനവ് പൂർണമായി നീക്കം ചെയ്ത് ഉണക്കി എടുക്കാൻ ശ്രദ്ധിക്കണം.
content highlight: Flask smell