Kerala

‘സ്ഥാപന ഉടമ മോശമായി പെരുമാറി, ഡേറ്റിന് വിളിച്ചു’; സ്വകാര്യ സെെനിക റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധ മാർച്ച് | pathanamthitta gayathri dyfi youth congress protest

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന് പോലീസ് കാവലുണ്ട്

പത്തനംതിട്ട: അടൂരിലെ സ്വകാര്യ സെെനിക റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിലെ വാടക വീട്ടിലെ മുറിക്കുള്ളിലാണ് കൂടല്‍ സ്വദേശിയായ ഗായത്രി (19) എന്ന വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂരുള്ള സ്വകാര്യ സെെനിക റിക്രൂട്ട്മെന്‍റ് പരിശീലന സ്ഥാപനത്തിലെ അധ്യാപകന്‍ മകളെ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും പെൺകുട്ടിയുടെ അമ്മ രാജി ആരോപിക്കുന്നു.

അടൂര്‍ റെവന്യൂ ടവറിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ദ്രോണ ഡിഫെന്‍സ് അക്കാദമി ആന്റ് യോഗ സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഗായത്രി പരിശീലനത്തിന് ചേര്‍ന്നിരുന്നു. സ്ഥാപന ഉടമയായ പ്രദീപ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യചെയ്തതെന്നും ഗായത്രിയുടെ അമ്മ രാജി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

ആദ്യഘട്ടത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടികെട്ടിവെച്ച് പ്രതിഷേധിച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. യൂത്ത് കോണ്‍ഗ്രസ് സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ വലിച്ചുകീറി പ്രതിഷേധിച്ചു.

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന് പോലീസ് കാവലുണ്ട്. വിമുക്തഭടനായ സ്ഥാപന ഉടമ ഒളിവിലാണ്. ഇയാളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സ്ഥാപന ഉടമ തന്റെ അഭിഭാഷകന്‍ മുഖേന അടൂര്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം.

മുറിഞ്ഞകല്‍ പാറക്കടവ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചിറ്റാര്‍ അഞ്ചേക്കര്‍ കോളനിക്ക് സമീപം മുണ്ടന്‍വിളയില്‍ ആദര്‍ശിന്റെ മകളാണ് ഗായത്രി. കുമ്പഴയിലുള്ള സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോയിവന്ന അമ്മ രാജിയാണ് മകളെ തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ അറത്തുമാറ്റി താഴെ ഇറക്കി പ്രാഥമിക ശുശ്രൂഷ നല്‍കി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അച്ഛന്‍ ആദര്‍ശിന് ഡ്രൈവിങ് ജോലിയാണ്.

ഗായത്രിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അസ്വാഭാവിക മരണത്തിന് കൂടല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പ് ഗായത്രിയുടെ സഹോദരന്‍ ആദിത്യനെ വീട്ടില്‍നിന്ന് കാണാതായിരുന്നു.

Latest News