Sports

ടീമിലെ സൂപ്പര്‍ താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമം; ഗൗതം ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ നായകൻ..| Gautham Gambhir vs Sreekanth

കെഎല്‍ രാഹുലിനോട് ​ഗംഭീർ അന്യായം ചെയ്യുകയാണെന്നാണ് ശ്രീകാന്തിന്റെ പരാതി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഗംഭീര പ്രകടനം തുടരുകയാണ്. ഒരു മല്‍സരം ശേഷിക്കെ 2-0ന് പരമ്പര നേട്ടം കൈവരിച്ചുകഴിഞ്ഞു. എന്നാല്‍, കോച്ച് ഗൗതം ഗംഭീറിന്റെ  ചില നീക്കങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎല്‍ രാഹുലിനോട് അന്യായം ചെയ്യുകയാണെന്നാണ് ശ്രീകാന്തിന്റെ പരാതി. ബാറ്റിങ് ഓര്‍ഡറില്‍ രാഹുലിനെ ആറ്, ഏഴ് നമ്പറുകളിലേക്ക് ഒതുക്കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. രാഹുലിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനായ അഞ്ചാം സ്ഥാനം നല്‍കാത്തത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണെന്നും തന്റെ യൂട്യൂബ് ചാനലില്‍ ശ്രീകാന്ത് തുറന്നടിച്ചു.

രാഹുലിന്റെ ആത്മവിശ്വാസം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ശ്രീകാന്ത് കരുതുന്നു. ടീമില്‍ ഋഷഭ് പന്ത് ഉണ്ടെങ്കിലും അദ്ദേഹത്തെ പിന്തള്ളിയാണ് രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിച്ചുവരുന്നത്. എന്നാല്‍, അഞ്ചാം നമ്പര്‍ നല്‍കിയില്ല. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ആണ് സ്ഥാനക്കയറ്റം കിട്ടി ഈ പൊസിഷനില്‍ ഇറങ്ങിയത്. രാഹുലിനെ ആറാം സ്ഥാനത്തേക്ക് താഴ്ത്തി.

അഞ്ചാം നമ്പറില്‍ 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെ രാഹുല്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ചിരുന്നു. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ഇന്ത്യക്ക് ഏറ്റവുമധികം ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനാണ്. ഗംഭീര്‍ ചുമതലയേറ്റതു മുതല്‍ രാഹുലിന്റെ ബാറ്റിങ് ഓര്‍ഡര്‍ അനിശ്ചിതത്വത്തിലായിരുന്നു.

‘രാഹുലിന്റെ സ്ഥാനത്തെക്കുറിച്ച് ടീം മാനേജ്‌മെന്റ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. ആറോ ഏഴോ സ്ഥാനത്ത് ബാറ്റ് ചെയ്താല്‍, അദ്ദേഹം ആറോ ഏഴോ റണ്‍സ് നേടും. ഇത് അന്യായമാണ്. ഹേയ്, ഗംഭീര്‍, നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല. രാഹുലിനോടു സഹതാപം തോന്നുന്നു. ഇതു വളരെ നിര്‍ഭാഗ്യകരം തന്നെയാണ്. – ശ്രീകാന്ത് പറഞ്ഞു.

ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് വരുന്നതോടെ രാഹുലിന് കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ വരുമെന്നും ഇതോടെ റിസര്‍വ് ബെഞ്ചിലേക്ക് മാറാന്‍ നിര്‍ബന്ധിതനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അക്ഷര്‍ പട്ടേലുമായി എനിക്ക് ഒരു പ്രശ്നവുമില്ല. അദ്ദേഹം തന്റെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. പക്ഷേ നിങ്ങള്‍ രാഹുലിനെ താഴേക്ക് തള്ളുകയാണെങ്കില്‍, ഋഷഭ് പന്തിനെ ആറാം സ്ഥാനത്ത് കളിപ്പിക്കുക. രാഹുലിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നത് എന്തുകൊണ്ട്? ലോക ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരു കളിക്കാരനോട് ചെയ്യുന്നത് നീതിയാണോ?’ അദ്ദേഹം ചോദിച്ചു.

മധ്യനിരയില്‍ ഇടത്-വലത് കോമ്പിനേഷന്റെ പേരിലാണ് ഗംഭീര്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റംകൊണ്ടുവന്നത്. ഇതോടെ അക്‌സര്‍ പട്ടേലിനും വാഷിങ്ടണ്‍ സുന്ദറിനും ശിവം ദുബെയ്ക്കും കൂടുതല്‍ പ്രാമുഖ്യം കിട്ടി. കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ അഞ്ചാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ച അക്‌സര്‍ മികച്ച പ്രകടനം കാഴ്ചവച്ച് 52 ഉം 41 ഉം റണ്‍സ് നേടി. അഞ്ചാം സ്ഥാനത്ത് മികച്ച കരിയര്‍ റെക്കോഡ് ഉണ്ടായിട്ടും രാഹുലിനെ തരംതാഴ്ത്തിയതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.

content highlight: Gautham Gambhir vs Sreekanth

Latest News