പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ 16കാരനും 19കാരനും പിടിയിലായതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്.
പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മാധ്യമങ്ങളെ കണ്ട് ഡിവൈഎസ്പി ജി സന്തോഷ്. വളരെ ഗുരുതരമായിട്ടാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ഡിവൈഎസ്പി ജി സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
തെളിവുകളെല്ലാം ശേഖരിച്ചു കഴിഞ്ഞു. പ്രതികളെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് ഒരു ചടങ്ങിനെത്തിയതായിരുന്നു അതിജീവിത. കുട്ടിയെ പരിചയമുള്ള ആളുകൾ തന്നെയാണ് പ്രതികൾ. കുട്ടി വീട്ടുകാരെ അറിയിക്കുകയും തുടർന്ന് വീട്ടുകാർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കൂട്ടുകാരികൾക്കൊപ്പം നിൽക്കുന്ന സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി. അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു.