കൊച്ചി: പാതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ ആണെന്നും മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ടെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, അനന്തു കൃഷ്ണനിൽ നിന്നും സംഭാവന വാങ്ങിയവരെയും ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പാതിവില വഴി ലഭിച്ച സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങൾ രേഖപ്പെടുത്തി തിരികെ നൽകും. ഇന്ന് രാവിലെ വരെ 385 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 33,000ത്തിലധികം പരാതികള്‍ വിവിധ സ്റ്റേഷനുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പ് പണം ചില പാർട്ടികള്‍ക്കും, വ്യക്തികള്‍ക്കും നൽകിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.
പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പണം വാങ്ങാനിടയായ സാഹചര്യം ഇവർ പൊലീസിന് മുന്നിൽ വ്യക്തമാക്കേണ്ടിവരും. തട്ടിപ്പ് പണത്തിന്‍റെ പങ്ക് പറ്റിയിട്ടുണ്ടെങ്കിൽ ഇവരെ പ്രതിയാക്കുമോ എന്നാണ് അറിയേണ്ടത്. പണം നഷ്ടമായവരുടെ മൊഴി എടുക്കുകയാണ് അടുത്ത വലിയ വെല്ലുവിളി. ഇതുകൂടാതെ പകുതി വിലയിൽ സ്കൂട്ടറും, ലാപ്ടോപ്പും, രാസവളവും, തയ്യൽ മെഷീനും വാങ്ങിയവരുടെ മൊഴിയുമെടുക്കണം. 65,000 പേർക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും പൊലീസിന്‍റെ നിഗമനം.
കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാൽ രേഖപ്പെടുത്തി കൈമാറും. കേസിന്‍റെ നടപടികള്‍ പൂർത്തിയാക്കുന്നവരെ കൈമാറ്റമോ വിൽപ്പനയോ പാടില്ലെന്ന് വ്യവസ്ഥയിലാകും ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ മടക്കി നൽകുക. അങ്ങനെ വിപുലമായ പദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയാലും ഓരോ കുറ്റപത്രവും തയ്യാറാക്കാൻ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. നിലവിൽ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലകളിലുമായി നൂറുകണക്കിന് പ്രതികളുണ്ട്. ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച് അറസ്റ്റിലേക്ക് കടക്കുകയാണ് അടുത്ത വെല്ലുവിളി.