Kerala

അമ്പതിനായിരം മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ വിതരണോദ്ഘാടനം നാളെ: മാനദണ്ഡപ്രകാരം 30 മാര്‍ക്കിന് മുകളില്‍ ലഭിച്ചത് 63861 അപേക്ഷകര്‍ക്ക്

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനര്‍ഹരുടെ കയ്യില്‍ നിന്നും ലഭിച്ചതുമായ 50,000 മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി മുഖ്യാതിഥിയാകും. നാളെ വൈകിട്ട് 4.30ന് ഗവ. വിമന്‍സ് കോളേജ് ആഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.

മുന്‍ഗണനേതര റേഷന്‍കാര്‍ഡുകള്‍ തരംമാറ്റുന്നതിന് 2024 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കിയിരുന്നു. ആകെ 75563 അപേക്ഷകള്‍ ലഭിച്ചു. സൂക്ഷ്മപരിശോധനയില്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരായ 73970 അപേക്ഷകള്‍ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാര്‍ക്കിന് മുകളില്‍ ലഭ്യമായ 63861 അപേക്ഷകരില്‍ ആദ്യ അമ്പതിനായിരം പേര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

മുന്‍ഗണനാകാര്‍ഡിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകര്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളില്‍ ഒഴിവ് വരുന്ന മുറയ്ക്ക് മുന്‍ഗണനാകാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ.മാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

CONTENT HIGH LIGHTS;Distribution of 50,000 priority ration cards tomorrow: 63,861 applicants scored above 30 marks as per criteria