Kerala

സര്‍ക്കാരിന് കിട്ടിയ അടി; സിസ തോമസിന് ഒരാഴ്ചയ്ക്കകം പെന്‍ഷനും കുടിശ്ശികയും നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് | administrative tribunal sisa thomas

ഡോ.എംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവർണർ കെടിയു വിസി സ്ഥാനത്തേക്ക് സിസയെ നിയമിച്ചത്

തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന പരാതിയില്‍ കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വി സി സിസ തോമസിന് അനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. ഒരാഴ്ചക്കകം സംസ്ഥാന സർക്കാർ പെൻഷനും കുടിശികയും നൽകണം. 2023 ൽ വിരമിച്ച ശേഷം സിസ തോമസിന് ഇതുവരെ ആനുകൂല്യങ്ങളൊന്നും നൽകിയിരുന്നില്ല.

സർക്കാർ നോമിനികള മറികടന്ന് അന്നത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത്. അന്ന് മുതലാണ് തർക്കം തുടങ്ങുന്നത്. സിസക്കെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോയ സർക്കാറിന് വിവിധ കോടതികളിൽ നിന്ന് തിരിച്ചടി കിട്ടിയെങ്കിലും ആനുകൂല്യങ്ങൾ ഇത് വരെ നൽകിയിരുന്നില്ല. അടുത്തിടെ സിസ തോമസിനെ ഗവർണ്ണർ ഡിജിറ്റൽ വിസിയായി നിയമിച്ചിരുന്നു

ഡോ.എംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവർണർ കെടിയു വിസി സ്ഥാനത്തേക്ക് സിസയെ നിയമിച്ചത്. ആ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരായ നിയമപോരാട്ടം ട്രൈബ്യൂണൽ മുതൽ സുപ്രീം കോടതി വരെ നീണ്ടു. ഗവർണ‍ർ നടത്തിയ നിയമനം എല്ലായിടത്തും ശരിവെക്കപ്പെട്ടതോടെയാണ് നടപടിയില്ലാതെയായത്. എന്നാൽ ഈ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴേക്കും സിസ സർവീസിൽ നിന്ന് വിരമിച്ചിരുന്നു.

എന്നാൽ അതിന് ശേഷം സിസയ്ക്ക് പെൻഷൻ ലഭിച്ചില്ല. വിരമിക്കലിന് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ സിസാ തോമസ് വിവരാവകാശ നിയമപ്രകാരം സർക്കാരിനെ സമീപിച്ചപ്പോളാണ് സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യം വ്യക്തമാക്കിയത്. അപ്പീൽ പോകുന്നതിനാൽ തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നായിരുന്നു സിസയ്ക്ക് സർക്കാരിന്റെ മറുപടി. എന്നാൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വന്ന ശേഷവും സിസയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.