കണ്ണൂർ: കണ്ണൂർ ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണമെന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെൻ്റ് ആർടിഒ. അമിത ശബ്‍ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം. ട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ജില്ലയിൽ ഇത് തുടരുന്നതായി പരാതിയുണ്ടെന്ന് ആർടിഒ അറിയിച്ചു.
ഇത് വഴക്കിലേക്ക് നയിക്കുന്നതായും ഇതിന്‍റെ പേരിൽ യാത്രക്കാരനെ ബസിൽനിന്ന് ഇറക്കി വിട്ടതായും പരാതിയിൽ പറയുന്നു. സീറ്റിന്‍റെ അടിയിൽ സ്പീക്കർ ബോക്‌സ് വച്ചിരിക്കുന്നത് കൊണ്ട് കാൽ നീട്ടിവച്ചു ഇരിക്കാൻ പറ്റുന്നില്ലെന്നും പരാതിയുണ്ട്. പരിശോധനകളിലോ പരാതിയിലോ ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെയുള്ള ഉയർന്ന പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു.
അമിത ശബ്‍ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നതിന് എതിരെയും പരാതിയുണ്ട്. കണ്ണൂർ ജില്ലയിലെ ഓട്ടോറിക്ഷകളിൽ മീറ്റർ ഫിറ്റ് ചെയ്ത് പ്രവർത്തിപ്പിക്കുന്നില്ലെന്നും പെർമിറ്റിന് അനുസൃതമായല്ല ഓടുന്നതെന്നും പരാതി ലഭ്യമായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലും വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.