Thiruvananthapuram

കേരളത്തിന്റെ വികസന മാതൃകയും വെല്ലുവിളികളും: കേരള സാമ്പത്തിക കോണ്‍ഫറന്‍സ് 2025ന് വെള്ളിയാഴ്ച തുടക്കമാകും; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ വികസന മാതൃകയും അതിലെ വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി കേരള ഇക്കണോമിക് അസോസിയേഷന്‍ (KEA) ഫെബ്രുവരി 14 മുതല്‍ 16 വരെ തിരുവനന്തപുരത്ത് കേരള ഇക്കണോമിക് കോണ്‍ഫറന്‍സ് 2025 സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 14 ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ വൈകുന്നേരം 3 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. രാജ്യത്തെ
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍, നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ,സെന്‍ട്രര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും സാമ്പത്തിക കോണ്‍ഫറന്‍സിന്റെ ഭാഗമാണ്.

കേരളത്തിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വ്യവസായികള്‍ക്കും ഒരു വേദി ഒരുക്കുകയാണ് കേരള എക്കണോമിക് കോണ്‍ഫറന്‍സിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്റെ ശ്രദ്ധേയമായ വികസന മാതൃകയും സാമൂഹിക പുരോഗതിയും ക്ഷേമ നയങ്ങളും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വികസന മാതൃകയും അതിന്റെ തുടര്‍ച്ചയുമാകും സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രൊഫ. കെ.എന്‍. രാജ്, പ്രൊഫ. എം. കുഞ്ചാമന്‍, പ്രൊഫ. കെ.കെ. സുബ്രഹ്‌മണ്യന്‍, പ്രൊഫ. കെ.കെ. ജോര്‍ജ് എന്നിവരുടെ സ്മരണാര്‍ത്ഥം പ്ലീനറി സെഷനുകള്‍ ഉണ്ടായിരിക്കും.

ഫെബ്രുവരി 16ന് കേരള സമ്പത്ത് വ്യവസ്ഥയുടെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുന്‍ ധനമന്ത്രി ഡോക്ടര്‍ ടി എം തോമസ് ഐസക്ക്, സി.പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിന്റെ വികസന മാതൃകയുടെ വിജയങ്ങളും വെല്ലുവിളികളും സമഗ്രമായി വിലയിരുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ധനകാര്യ പ്രശ്‌നങ്ങള്‍, പരിസ്ഥിതി മാറ്റങ്ങള്‍, യുവാക്കളുടെ തൊഴിലില്ലായ്മ, ലിംഗ വിവേചനം, പ്രായമായ ജനസംഖ്യയുടെ പ്രശ്‌നങ്ങള്‍, മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍, പ്രവാസികളുടെ പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

ഇതോടനുബന്ധിച്ച് ഫെബ്രുവരി 13ന് പരിചരണ സമ്പദ് വ്യവസ്ഥ പ്രമേയമാക്കുന്ന പ്രീ കോണ്‍ഫറന്‍സ് ശില്പശാല സംഘടിപ്പിക്കുന്നു. ഇത് ഈ മേഖലയെ കുറിച്ച് അക്കാദമികമായ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കും. കെ ഇ എ യുടെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സര്‍വേയ്സ് ആന്‍ഡ് സ്റ്റഡീസ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളെയും സേവന വിതരണത്തെയും കുറിച്ച് ഏറ്റെടുത്തിരിക്കുന്ന പഠനത്തിന് തയാറെടുക്കുകയും അരങ്ങൊരുക്കുകയും ഈ ശില്പശാലയുടെ ലക്ഷ്യമാണ് . അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 300 ലധികം പേരാണ് ഈ വിശാലമായ പഠനപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാകുന്നത്. പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളുടെ വ്യാപ്തി, സേവന മേഖലകള്‍ എന്നിവയെ കുറിച്ചുള്ള കണ്ടെത്തലുകള്‍ കെയര്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്ലീനറി സെഷനില്‍ പഠന കോഡിനേറ്റര്‍ പ്രൊഫസര്‍ ഹരികുറിപ്പ് കെ കെ അവതരിപ്പിക്കും. പാന്‍ ഇന്ത്യാ പശ്ചാത്തലത്തില്‍ പാലിയേറ്റീവ് കെയര്‍ സേവനങ്ങളുടെ ലഭ്യതയും വ്യാപ്തിയും സംബന്ധിച്ച കണ്ടെത്തലുകള്‍ ഈ അവതരണം നല്‍കും.

 

Latest News