ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിര്‍ക്കുകയും പിന്നീട് ആശ്ലേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിന്റെ അപരിഷ്‌കൃത നയങ്ങള്‍മൂലം യുവജനങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തില്‍നിന്നു പലായനം ചെയ്യുമ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാനുള്ള തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ സിപിഎം എന്ന പിന്തിരിപ്പന്‍ പ്രസ്ഥാനത്തിന് വര്‍ഷങ്ങള്‍ വേണ്ടി വരും. എന്നാല്‍ തിരുത്താന്‍ വൈകിയതുമൂലം അവസരങ്ങളേറെ നഷ്ടപ്പെട്ട നാടാണ് നമ്മുടേത്. പ്ലസ്ടു, സ്വാശ്രയവിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, സ്വകാര്യ സര്‍വകലാശാലകള്‍, വിദേശ സര്‍വകലാശാലകളുമായി സഹകരണം തുടങ്ങിയ കാലോചിതമായ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും സിപിഎം തുരങ്കം വെച്ചു. ഈ നയങ്ങളുടെയെല്ലാം ഉപയോക്താവും പ്രയോക്താവുമായി പിന്നീട് സിപിഎം മാറി.
1982- 87ല്‍ കെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിനായി ആ സര്‍ക്കാര്‍ നിയോഗിച്ച മാല്‍ക്കം.എസ്. ആദിശേഷയ്യ കമ്മീഷന്റെ നിഗമനങ്ങളെ പാടെ തള്ളിക്കളയണമെന്നായിരുന്നു അന്നു സിപിഎമ്മിന്റെ പ്രധാന ആവശ്യം. അക്കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കോളജുകളില്‍നിന്ന് പ്രീഡിഗ്രി കോഴ്സ് സ്‌കൂളിലേക്കു മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ പ്രീഡിഗ്രി ബോര്‍ഡിനെതിരേ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. 1996ല്‍ ഇകെ നായനാര്‍ സര്‍ക്കാര്‍ പ്രീഡിഗ്രി ബോര്‍ഡ് നടപ്പാക്കുകയും ചെയ്തു. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ഒരു കോഴ്സ് അനുവദിക്കുകയും ചെയ്തു. അന്നും പ്രചണ്ഡമായ സമരം ഉണ്ടായി.
1991-95 ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് സഹകരണ മേഖലയില്‍ പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനെതിരേ ഇടത് വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ രംഗത്തുവന്നു. കരുണാകരന്റെയും രാഘവന്റെയും സ്വകാര്യസ്വത്താണിത് എന്നായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. 40 ദിവസത്തോളം നീണ്ട സമരത്തിനൊടുവിലാണ് 1994ല്‍ കൂത്തുപറമ്പ് വെടിവയ്പ് ഉണ്ടായത്. പിന്നീട് സിപിഎം പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം പിടിച്ചെടുത്ത് സ്വന്തമാക്കി. 2001ലെ എകെ ആന്റണി സര്‍ക്കാര്‍ സ്വാശ്രയ മേഖലയില്‍ എന്‍ഞ്ചിനിയറിംഗ്-മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ സിപിഎം ഈ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തി. സ്വാശ്രയ കോളജുകള്‍ക്കെതിരേ അണികളെ ഇളക്കിവിട്ടപ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മക്കള്‍ സ്വാശ്രയ കോജജുകളിലും വിദേശത്തും വിദ്യാഭ്യാസം നേടി. 2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉദാരമായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തെ എതിര്‍ത്ത എസ്എഫ്ഐക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ടിപി ശ്രീനിവാസിന്റെ മുഖത്തടിച്ചു. സിപിഎമ്മിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ മൂലം തലമുറകള്‍ക്കാണ് കനത്ത നഷ്ടം സംഭവിച്ചതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.