Kerala

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി, അനുബന്ധ തൊഴിലാളികള്‍ക്കും ബാധകമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഇതുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലാളികള്‍ക്കും ബാധകമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ മരിക്കുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് നല്‍കുന്നത്. ഇതിനുള്ള പ്രീമിയം തുക സര്‍ക്കാരാണ് അടയ്ക്കുന്നത്. മത്സ്യത്തൊഴിലാളി അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പീലിങ് തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

2021- 22ല്‍ 107 പേര്‍ക്ക് 10.76 കോടിയും 2022-23ല്‍ 92 പേര്‍ക്ക് 9.73 കോടിയും ഇന്‍ഷുറന്‍സ് ഇനത്തില്‍ വിതരണം ചെയ്തു. 2022 – 23ല്‍ ആകെ 2.40 ലക്ഷം പേര്‍ക്കായി 13.66 കോടിയുടെ സഹായവും 2023-24ല്‍ 2.36 ലക്ഷം പേര്‍ക്കായി 11.99 കോടിയും വിതരണം ചെയ്തു. മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൊഴിലാളി മരിക്കാനിടയായാല്‍ അത് സ്വാഭാവിക മരണമായി കാണുന്നതിനാല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ അങ്ങനെ മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പ്രത്യേക സഹായമായി അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ട്. ഇവരുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. റോഡിലും സൈക്കിളിലും മറ്റുമായി മത്സ്യക്കച്ചവടം നടത്തുന്നവരെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും.

ആഴക്കടല്‍ ഖനനവും ബ്ലൂ ഇക്കോണമിയും മത്സ്യമേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് തന്നെ ഭീഷണിയാകുന്നതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയത്തിനെതിരെ പലതവണ പ്രതിഷേധം അറിയിച്ചതാണ്. എന്നാല്‍ കേന്ദ്രം പിന്മാറിയിട്ടില്ല. ആഴക്കടല്‍ ഖനനം നടക്കുന്നതോടെ ഈ മേഖലയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകളും മറ്റും അപകടത്തില്‍പെടാനും ഇടയാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. അതിനുവേണ്ടി ആഴക്കഴല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികളെ അണിനിരത്തി യോജിച്ച പ്രക്ഷോഭം നടത്തുന്നതും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുനര്‍ഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന 1200 ഫ്‌ലാറ്റുകള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തോട്ടപ്പള്ളിയില്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള കരിമണല്‍ ഖനനവും നടത്തിയിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അവിടെ വെള്ളപ്പൊക്കത്തിന് കാരണം മണല്‍ വാരാത്തതാണെന്ന് 2018ലെ പ്രളയത്തിന് ശേഷം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണല്‍ വാരാന്‍ തീരുമാനിച്ചത്. അത് ഖനനമല്ല. മണല്‍ വാരിയശേഷം ഇതുവരെ ആലപ്പുഴയില്‍ വെള്ളം കയറിയിട്ടില്ല. പൊഴിയില്‍ നിന്നല്ലാതെ വേറെ എവിടെയെങ്കിലും നിന്ന് ഒരു തരി കരിമണല്‍ വാരിയതായി തെളിയിക്കാന്‍ ഇതുസംബന്ധിച്ച് ഉപചോദ്യം ഉന്നയിച്ച പ്രതിപക്ഷാംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രി സജി ചെറിയാന്‍ വെല്ലുവിളിച്ചു.